Thursday, June 2, 2011

പ്രവാസികള്‍ നാടിന്റെ സമ്പത്ത്.

തെറ്റിദ്ധരിക്കാന്‍ വരട്ടെ.. ഇത് ഞാന്‍ പറയുന്നതല്ല. ബഹുമാന്യ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവര്‍കള്‍ പറഞ്ഞതാണ്. ശേഷം അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.. "തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസവും തൊഴിലും നല്‍കും എന്ന്".

വല്ലാത്ത പരിപാടിയായിപ്പോയി. ബുദ്ധിയും വിവരവുമുള്ള വല്ല അണ്ടര്‍ സെക്രട്ടറിയുടെയും ഉപദേശം കേട്ടിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തില്ലായിരുന്നു. കാര്യം ചാണ്ടിച്ചന്‍ ഒരാവേശത്തില്‍ പറഞ്ഞുപോയതായിരിക്കും.. അതിരിക്കട്ടെ. എന്നാല്‍ അദ്ദേഹം തുടര്‍ന്ന് നല്‍കിയ പ്രലോഭനപരമായ പ്രസ്താവനയുടെ പ്രത്യഘാതമെങ്കിലും ആലോചിക്കാമായിരുന്നു. പ്രഖ്യാപിച്ച പോലെ തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസവും തൊഴിലും നല്‍കുമോ ഇല്ലെയോ എന്നതല്ല ഇവിടെ പ്രശ്നം. വാഗ്ദാനമാണ്.

പ്രവാസികള്‍ ഒരു സമ്പത്തായ സ്ഥിതിക്ക് ആ സമ്പത്ത് നിലനിര്‍ത്തുക എന്ന ഏര്‍പ്പാടല്ലേ ബുദ്ധിയുള്ളവര്‍ ചെയ്യുക. എത്ര പ്രാവാസികള്‍ കൂടുന്നോ അത്രയ്ക്കത്ര സമ്പത്ത് വര്‍ദ്ധിക്കും. അതായതു.. നാട്ടില്‍ അവശേഷിക്കുന്ന മൂന്നുമൂന്നേകാല്‍ കോടി ജനങ്ങളെയുംകൂടി എങ്ങനെയെങ്കിലും പ്രവാസിയാക്കികിട്ടിയാല്‍ സ്റ്റേറ്റ് സമ്പത്തുകൊണ്ട് നിക്കക്കള്ളിയില്ലാതാവും. അങ്ങനെയൊരവസ്ഥ ഉണ്ടായി വരാനല്ലേ സ്റ്റേറ്റിന്റെ സമ്പത്ത് വ്യെവസ്തയിലും ആയുരാരോഗ്യക്ഷേമത്തിലും കമ്പമുള്ള മുഖ്യന്‍ ശ്രമിക്കേണ്ടത്? അതുപോട്ടെ.. അതിനിനിയും ശ്രമിക്കാവുന്നതേയുള്ളൂ.. അഞ്ചുവര്‍ഷം സമയം നമ്മുടെ കൈയ്യിലുണ്ടല്ലോ. എന്നാല്‍ റിട്ടെന്‍ പ്രവാസികള്‍ക്കുള്ള പാക്കേജിലൂടെ മേല്പ്പരഞ്ഞപോലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിക്ക് ചേര്‍ന്ന പ്രഖ്യാപനമാണോ ഉമ്മന്‍ സര്‍ നടത്തിയത്?
തങ്ങളാല്‍ കഴിയുന്നത്ര ആളുകളെ പ്രവാസിയാക്കി നാടിന്റെ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ അഹോരാത്രം ചക്കിലെ കാളയെപ്പോലെ പ്രയത്നിച്ച മാറി മാറി വന്ന സര്‍ക്കാരുകളുടെ തീവ്ര യജ്ഞത്തിന്റെ കടയ്ക്കല്‍ നിരുപദ്രവം എന്ന് തോന്നിക്കാവുന്ന ഒരു  പ്രഖാപനത്തിലൂടെ കത്തിവെക്കുകയായിരുന്നില്ലേ  അദ്ദേഹം?

നാട്ടില്‍ ഒരുഗതിയും പരഗതിയുമില്ലാത്തോരവസ്ഥയില്‍ കുടുമ്പം പുലര്‍ത്താന്‍ എങ്ങനെയെങ്കിലും തടി കൈച്ചിലാക്കി, സ്ഥലം കാല്ലിയാക്കി പോയവരാനല്ലോ പ്രവാസികളില്‍ പലരും. നാട്ടില്‍ ജീവിക്കുന്നതില്‍ ഒരു ഗുമ്മില്ല എന്ന് കരുതി നാടുവിട്ടവരുടെ എണ്ണത്തിനും കൈയും കണക്കുമില്ല. എങ്ങനെയൊക്കെ പോയാലും നമുടെ നിശ്ശീബിനു അവരെയൊക്കെ സമ്പത്തായി മാറികിട്ടിയല്ലോ.. അതാണ്‌ പ്രധാനം. സ്ഥിതിഗതികള്‍ അങ്ങനെയായിരിക്കെ, നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വന്‍
പാക്കേജുകളൊക്കെ  കൊടുക്കുന്നു എന്ന് പറഞ്ഞാ മേല്‍പ്പറഞ്ഞ പ്രവാസികളൊക്കെ അവിടെ നിക്ക്വോ?. നാട്ടിലേക്കോടി പോരൂലെ. എങ്ങനെയെങ്കിലും ബാക്കിയുല്ലോരെക്കൂടി ഉന്തിത്തള്ളി സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കേണ്ട സമയത്ത്  അന്യദേശങ്ങളിലെ ലോക്കറില്‍ ഭദ്രമായി കിടക്കുന്ന വന്‍ സമ്പത്തുകളെ  ഇങ്ങനെ ആകര്‍ഷകമായ അലവന്‍സും ബോണസും ടി.എയും ഡി.എയും ഒക്കെ കൊടുത്ത് നാട്ടില്‍ വരുത്തി ഒന്നുമല്ലാതാക്കി തീര്‍ക്കുന്നത് അങ്ങേയറ്റം ബുദ്ധിശൂന്യമായ ഏര്‍പ്പാടായിപ്പോയി. കൂടും കുടുക്കയുമെടുത്ത് സ്ഥിരം പൊറുപ്പിനു ഭാവിച്ചു  തിരികെ വരുന്ന പ്രവാസിയുടെ ചന്തിക്ക് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍വെച്ചു നാലു പെട പെടക്കും എന്ന് പ്രസ്താവിക്കുന്നതിനു പകരം അവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിളിച്ചു വരുത്തുക - ഒരു ബുദ്ധിമാനായ മുഖ്യമന്ത്രിയില്‍നിന്നു ഇതല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്.

പ്രലോഭനങ്ങള്‍ കേട്ട് അടുത്ത വണ്ടിക്കു നാട്ടിലേക്ക് ചാടിക്കയറാന്‍ നില്‍ക്കുന്ന പ്രിയ പ്രവാസികളെ ഒന്നോര്‍ക്കുക... നമ്മള്‍ വെളിച്ചിലാകുന്നു. [മച്ചിങ്ങ] തെങ്ങേല്‍ കിടക്കുമ്പോഴേ അതിനെന്തെങ്കിലും വിലയുണ്ടെങ്കില്‍ അതുള്ളൂ.. താഴെ വീണാല്‍ അതെടുത്തു  പിള്ളേര് തട്ടികളിക്കണമെങ്കില്‍  പോലും പന്ത് കിട്ടാതാവേണ്ടിയിരിക്കുന്നു.

സൊ.. കേട്ടപടി നാട്ടിലേക്ക് പായാന്‍ വരട്ടെ...