Friday, March 11, 2011

അമ്മായീടെ സാമ്പാറ്....

കേട്ടവര്‍ ഒരിക്കല്‍ക്കൂടി കേട്ടോളൂ..

1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുറുദ്ധീന്‍ ഒരു കാലി മണ്‍കുടം തന്റെ ഭ്രിത്യനെ എല്പ്പിച്ചുകൊണ്ട്  അടുത്തുള്ള യുനൈറ്റെദ് അറബ് വാട്ടര്‍ അതോറിറ്റി പൈപ്പില്‍നിന്നും വെള്ളം നിറച്ചു കൊണ്ടുവരാന്‍ പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം.. വെള്ളത്തിനായി നടന്നു നീങ്ങിയ ഭ്രിത്യനെ തിരികെ വിളിച്ചു മുല്ല അവനെ പൊതിരെ തല്ലി. സകല തല്ലിപ്പൊളി കഥകളിലും ഉണ്ടാവുന്ന പോലെ.. ആ ഗ്രാമ മുഖ്യന്‍ പ്രസ്തുത സംഭവവികാസങ്ങള്‍ ലോങ്ങ്‌ ഷോട്ടിലൂടെ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഒരു ടിസ്റ്റിനു ഇടം കൊടുക്കാതെ ഗ്രാമ പ്രമാണി തന്റെ മൂക്കിനു എതിരില്‍ നടന്ന അനീതി കൈകാര്യം ചെയ്യാനായി മുല്ലയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു - തനിക്കു പ്രാന്തുണ്ടോ? ആ ഭ്രിത്യന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് താനവനെ തല്ലിയത്? മുല്ല നയം വെക്തമാക്കി- ആ കുടത്തില്‍ വെള്ളവുമെടുത്തു വരുമ്പോള്‍ അവനതു താഴെയിട്ടു പൊട്ടിക്കാന്‍ സാധ്യതയുണ്ട് . അതുകൊണ്ട് തല്ലിയതാണ്. കുടം പൊട്ടിച്ച ശേഷം അവനെ തല്ലിയിട്ടു വല്ല കാര്യമുണ്ടോ?

ഒരു സംഭവം പറയുമ്പോള്‍ വളച്ചുകെട്ടി പറയാതെങ്ങനെയാ.... അതുകൊണ്ട് ഒരു കഥ പറഞ്ഞുവെന്നേയുള്ളു. അത് വിട്. നമുക്ക് പ്രശ്നത്തിലേക്ക് വരാം..
പ്രതിച്ചായക്ക്‌ പ്രതിചായയില്ലേ , ആദര്‍ശത്തിന് ആദര്‍ശമില്ലേ , സത്യസന്ധതയ്ക്ക് സത്യസന്ധതയില്ലേ , വികസനത്തിന്‌ വികസനമില്ലേ... പിന്നെന്താണ് വിയെസിനൊരു കുറവ്? മമ്മൂട്ടിയെക്കാള്‍ കുറച്ചു ഗ്ലാമര്‍ കുറവുണ്ട് എന്ന പോരായ്മ മാറ്റിനിര്‍ത്തിയാല്‍  ഇതുപോലൊരു മുഖ്യന്റെ കീഴിലുള്ളൊരു  മന്ത്രിസഭയെ.. വോട്ടു ചെയ്തു ജയിപ്പിക്കാന്‍ പാകത്തിന്  ഇനിയൊരിക്കല്‍ കിട്ടിയെന്നു വരില്ല. ഇതൊരു ചാന്‍സാണ്. പിന്നെന്താ ഇക്കുറിയും വി.എസ് സര്‍ക്കാരിനെ ജയിപ്പിച്ചാല്‍ ? കൈയ്യിലെ വളയൂരിപ്പോകുമോ...

ഭൂമാഫിയ, ലോട്ടറി മാഫിയ, പൊതുമുതല്‍ കൊള്ളക്കാരന്‍, സ്ത്രീ-പീഡകന്‍, സ്ത്രീ-വാണിഭന്‍, ഞരമ്പ്‌ രോഗി.... ഇത്യാതി വര്‍ഗ്ഗത്തില്‍ പെട്ടവാനാനോ നമ്മള്‍? ഇത്തരക്കാരുമായ്  തുംമ്യാ തെറിക്കുന്ന വല്ല ബന്ധവും നമുക്കുണ്ടോ? ഇല്ലെങ്കില്‍ പേടിക്കേണ്ട വി.എസ്‌ ഒരു പാവമാണ്. നമ്മളെയൊക്കെ ഒന്നും ചെയ്യില്ല. എന്തിനു അധികം പറയുന്നു.. ഒരു വികസന വിരോധി പോലുമല്ലെന്നെ...  പിന്നെന്താ അദ്ദേഹത്തിനെ തന്നെ തിരഞ്ഞെടുക്കാന്‍ ഇത്ര താമസം?അതിനു അദ്ദേഹം വോട്ടുചെയ്യാന്‍ പാകത്തിന് നിന്ന് തരേണ്ടേ? അല്ലാതെ നമ്മളെന്തുചെയ്യും? ക്ലിഫ് ഹൌസില്‍ കയറിചെന്ന്  ബാലാല്‍ക്കാരമായ് വോട്ടു ചെയ്യാന്‍ പറ്റുമോ? ആലപ്പുഴമുതല്‍ പാലക്കാട് വരെയുള്ള സകല ലോക്കല്‍ കമട്ടികള്‍ അഹോരാത്രം വിചാരിച്ചിട്ടും വി.എസിനൊരു സീറ്റ് കൊടുക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ലത്രെ . എന്തിനേറെ പറയുന്നു.. പുതുപ്പള്ളിയില്‍ ഉമ്മച്ചനെതിരെ മത്സരിച്ചു തോല്‍ക്കാന്‍ വിധക്കപെട്ട നേര്‍ച്ച കോഴിയെ തീരുമാനിച്ചിട്ടും വി.എസ്‌ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിച്ചില്ലപോലും.! ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പാല ഫ്രെയിം മാണിസാര്‍ കോണ്‍ഗ്രസിനോട് 22നു പകരം 23 സീറ്റ് ഇരന്നുവാങ്ങി തനിക്കാവശ്യമുള്ളതും കഴിച്ചു ബാക്കിവരുന്ന ആ ഒരു സീറ്റ് വി.എസിന്  മത്സരിക്കാന്‍ കൊടുത്തേനെ... അല്‍പ്പം ലേറ്റായിപ്പോയി.


അന്തിയോടടുക്കുംബോഴേക്കും.. പൊതുമുതല്‍ കൊള്ളക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും അപ്രമാദിത്ത്വം തകര്‍ത്ത് അവരെ ഒരരുക്കാക്കി ജനസാമാന്യത്തിനു ക്ഷ ബോധിക്കുന്ന വിധത്തില്‍  പ്രവര്‍ത്തിച്ചു വരികയായിരുന്നു.. അപ്പോഴാ പാര്‍ട്ടിവകയുള്ള പടിക്കലെ ഈ  കലമുടയ്ക്കല്‍. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് അള്‍സര്‍ വന്നപോലായി കാര്യങ്ങള്‍. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ആദര്‍ശ ധീരതയുമുള്ള ആ ജനകീയ നേതാവിന്റെ നേതൃത്വത്തെ മാറ്റി നിര്‍ത്തി ഒരങ്കത്തിനു വെക്കാന്‍ പാകത്തിലുള്ള എന്ത് മഹിമയാണാവോ ഈ സര്‍ക്കാരില്‍ പാര്‍ട്ടി വേറെ കണ്ടെത്തിയത് ? വികസനമാണോ.. ? ഉമ്മച്ചനും കുഞ്ഞാലിയും ഒത്തുപിടിച്ചാല്‍ സാധിക്കാത്ത വല്ല ഐറ്റംസും അതിലുണ്ടോ ജനങ്ങള്‍ക്കു വീണ്ടും ഇടതിനെ തിരഞ്ഞെടുത്തെ തീരൂ എന്ന അവസ്ഥ സംജാതമാകുവാന്‍ ? കേരളം കണ്ടതില്‍വെച്ചു മികച്ച ഭരണമായിരുന്നു വി.എസ്‌ സര്‍ക്കാരിന്റെത് എന്ന കാര്യത്തില്‍  എസ്‌ സിക്ക് പോലും ലവലേശം സംശയമില്ല. പക്ഷെ വി.എസ്‌  ഇനി മത്സരിക്കേണ്ട എന്നൊരു നിബന്ധന മാത്രം ഉണ്ടവര്‍ക്ക്!- ഇതായിരിക്കുമോ വൈരുദ്ധ്യാത്മക വാദം?  ലളിതയായ് പറഞ്ഞാല്‍   - അമ്മായീടെ സാമ്പാറ് കൊള്ളാം.. പക്ഷെ അതെന്റെലേല്‍ വിളമ്പണ്ട.- എന്ന്.


അതിവേഗം ബഹുദൂരം ഒത്തുപിടിച്ചാല്‍ സാധിചേക്കാവുന്ന വികസന കസര്‍ത്തുകള്‍ക്ക് പുറമേ....  പതിറ്റാണ്ടുകളോളം തേച്ചുമിനുക്കി കറതീര്‍ത്തുവെച്ച ആദര്‍സംശുദ്ധതയും , സത്യസന്ധതയും,  ആര്‍ജ്ജവവുമുള്ള പ്രായോഗിക രാഷ്ട്രീയക്കാരനായ വി.എസ് അച്ചുതാനന്തന്‍ എന്ന ജനനേതാവിന്റെ  പ്രതിച്ഛായയല്ലാതെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്താണ് വേണ്ടത്? ലെനിനിസ്റ്റ് ചട്ടകൂടോ? കിളിയില്ലാതെന്തു കൂട് ഹേ.!അതുകൊണ്ട് സോദരെ...
നമുക്ക് ബക്കറ്റിലെ വെള്ളത്തെ മറക്കാം..
ബിംബം ചുമക്കുന്ന കഴുതയെ മറക്കാം..
ലെനിനിസ്റ്റ് തത്ത്വങ്ങളെ മറക്കാം....
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്തനൊരു സീറ്റ് കൊടുക്കാം.
പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇനിയും പ്രഖ്യാപിചിട്ടില്ലെന്നിരിക്കെ സാഖാവ് വി.എസിനു പാര്‍ട്ടി സീറ്റ് കൊടുത്തില്ല എന്ന പേരില്‍ ഇങ്ങനെയൊരു   മുറവിളി ലേഖനത്തിന്റെ  ആവശ്യമുണ്ടോ എന്നൊരു സംശയം ഉടലെടുക്കുന്നുവെങ്കില്‍.... നമുക്കാ കഥ തുടരാം..   1517 മാര്‍ച്ചു 18 ആം തിയ്യതി നട്ടുച്ചയ്ക്ക് മുല്ല നസുരുദ്ധീന്‍........
Wednesday, March 9, 2011

ചില തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍

ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഈ വരുന്ന ഇലക്ഷനില്‍ ജയിച്ചു വീണ്ടും അധികാരത്തിലെത്തിയാല്‍.... എന്ത് സംഭവിക്കും.?

ഉത്തരം വളരെ ലളിതമാണ്-

ഡോ. തോമസ്‌ ഐസക് ബോധംകെട്ടു വീഴും.! തീര്‍ച്ച. താനവതരിപ്പിച്ച ഒടുക്കത്തെ ബഡ്ജറ്റിന്റെ ഭാരം താന്‍ തന്നെ അനുഭവിക്കേണ്ട ഗതികേട്... ആരായാലും ബോധംകെട്ടുപോവും. കുറ്റം പറയാന്‍ പറ്റില്ല.

നാളെ  തന്റെ മരണം ഉണ്ടാവുമെന്ന് ഉറപ്പിച്ചു വീടും പുരയിടവും വിറ്റു പുട്ടടിച്ചവന്‍ പിറ്റേന്ന് മരിക്കാതിരിക്കാതിരുന്നാലുള്ള അവസ്ഥ അയാളെ സംബന്ധിച്ചെടുത്തോളം  ഭയാനകമായിരിക്കും. ടിയാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആണേല്‍ ഹൃധയാഘാധം വന്നു  മരിച്ചുതന്നെ പോവും.!

അതിനു ജുബ്ബയും മുണ്ടുമിട്ടാല്‍ ഒരാള്‍ സാമ്പത്തിക വിധഗ്ദ്ധനാവുമോ എന്നാണു ചോദ്യമെങ്കില്‍.... സോറി, ഒരു തര്‍ക്കത്തിന് ഞാനില്ല.
------------------------------------------------------------------------------------


ഐസ്ക്രീം ലൈംഗികാരോപണ കേസില്‍ ഇന്ന നാട്ടിലെ കോടതിയെ ഇനി എന്നെ വെറുതെ വിടാനുള്ളൂ എന്നില്ല.- കുഞ്ഞാപ്പ.

ഈ കമന്റു കാണുമ്പോള്‍ ചിരിവരുന്നു, അത്  വരുന്ന വഴിക്ക് ഒരു കഥയും ഓര്‍മ്മ വരുന്നു...

പണ്ട്.. എന്നുവെച്ചാല്‍  വളരെ പണ്ട്.. നിങ്ങളൊക്കെ ഉദ്ദേശിക്കുന്നതിനെക്കാള്‍ എത്രയോ പണ്ട്.., ഒരു കേസിന്റെ വിചാരണക്കൊടുവില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ പ്രതിക്ക് വധശിക്ഷ വിധിക്കും മുന്‍പ് ജഡ്ജി ഏമാന്‍ പ്രതിയോട് ചോദിച്ചു അവസാനമായി താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന്.

പ്രതി വിനീതനായി പറഞ്ഞു- അടിയന്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥനാണ്. അതുകൊണ്ട് തന്നെ വെറുതെ വിടണം.

ഉടനെ ജഡ്ജി നിര്‍ദ്ധാക്ഷണ്യം പ്രതിയെ  വധശിക്ഷക്ക് വിധിച്ചു.

 കാരണമെന്തെന്നോ ? മേല്പ്പരാമര്‍ശിച്ച  അച്ഛനെയും അമ്മയെയും തലയ്ക്കു അടിച്ചു കൊന്ന കേസിന്റെ വിചാരണയാണ് അവിടെ നടന്നിരുന്നത്.


ഇതുപോലെയാണ് കുഞ്ഞാപ്പയുടെ  "കോടതി തന്നെ വെറുതെ വിട്ടതാ" എന്നുള്ള വാദം.!

ഒരു നാറ്റക്കേസ് ഒതുക്കാന്‍ കോടതിയെ കാശുകൊടുത്തു സ്വാധീനിച്ചു എന്നതാണ് അങ്ങേരുടെ മേലുള്ള ഗൌരവതരമായ ആരോപണം.