Thursday, October 6, 2011

നട്ടെല്ലില്ലാത്ത ശാസ്ത്രം.


ഒരിക്കല്‍ പറഞ്ഞത് എന്ത് പ്രതിസന്ധിയുണ്ടായാലും മാറ്റി പറയില്ല... അത് നട്ടെല്ലുള്ള ആളുകളുടെ ലക്ഷണമാണ്. ശാസ്ത്രത്തിനേം ഞാന്‍ ആ കൂട്ടത്തില്‍ ആണ് ഇതുവരെ കണ്ടിരുന്നത്‌. ശാസ്ത്രം എനിക്ക് അന്യനെ പോലെയല്ലായിരുന്നു. മതിയായി, ഇതോടെ എല്ലാം മതിയാക്കി. ആരെ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനെ നമ്പരുത്. ഇതുപോലെ വ്യവസ്തേം കഥയുമില്ലാത്ത ടീമുകളെ ഞാനെന്റെ ജീവിതത്തീ..


ശാസ്ത്രം സത്യമാണെന്നും അതനുസരിച്ചാണ് കാര്യങ്ങളുടെ കിടപ്പു എന്ന് പല ഹമുക്കുകളും കരുതികളയുന്നതിനാലാണ് ഞങ്ങ വേദവാക്യങ്ങള്‍ ഒക്കെ ശാസ്ത്രത്തിന്റെ താളത്തിനൊത്ത് ഒപ്പിച്ചു വ്യാഖാനിച്ചു, ചിലത് തിരുത്തി  ആധികാരികമാക്കി ശാസ്ത്രസത്യം ജഗത്മിത്യ വേദത്തില്‍ എന്നുമ്പറഞ്ഞ് അച്ചടിച്ചു പുറത്തിറക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത്. ചില്ലറ പണിയൊന്നും അല്ല അതിനു.  പരിണാമം വായിച്ചു മിസ്റ്റര്‍ ആദത്തെ രാമപിത്തിക്കെന്‍സ് ആക്കി മരത്തില്‍ കയറ്റി വിലക്കപെട്ട കനി പറപ്പിക്കണം, റൊട്ടി പോലത്തെ ഭൂമിയെ ആദ്യം ബന്നു പോലെയക്കണം പിന്നെ അതിനെ ഉരുട്ടണം, പത്തു തലയുള്ള കാട്ടുരാജാവിനെകൊണ്ട് പൈലറ്റ് ലൈസന്‍സ് എടുപ്പിച്ചു  ഇടുങ്ങിയ കോക്പിറ്റില്‍ ഇരുത്തി വിമാനം പറപ്പിക്കണം... അങ്ങനെ ഒരുപാട് ഒരുപാട് പ്രയത്നം ഉണ്ട് . സാധാരണയായ് കണ്ടുവരാറുള്ള ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കാള്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെ ഓരോന്ന് കണ്ടുപിടിച്ചു വരുമ്പോഴായിരിക്കും ശാസ്ത്രം ഒരുമാതിരി കണ്ണീ ചോരയില്ലാതെ ആദ്യം പറഞ്ഞത് മാറ്റി പറയുന്നത്. നുമ്മ അതുവരെ എടുത്ത പണി ഗോവിന്ദ. ഇങ്ങനെ ഒരിക്കല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാതെ അപ്പൊ കണ്ടത് വിളിച്ചു പറയുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയാണോ? ഈ ശാസ്ത്രമെന്താ ഒരുമാതിരി പെണ്ണുങ്ങളെ പോലായിപ്പോയി ? ഇപ്പൊതന്നെ ഞാന്‍.. "തീര്‍ച്ചയായും അവന്‍ വിചാരിക്കാതെ പ്രാകാശത്തിന്റെ വേഗത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല " എന്ന്   ഞങ്ങക്കടെ വേദത്തില്‍ പറഞ്ഞ സത്യം  ഒരു വിധം കണ്ടുപിടിച്ചു  അച്ചടിക്കാന്‍ തയ്യാറാക്കി വെച്ചു ഒന്ന് മൂത്രമൊഴിക്കാന്‍ പോയതായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോ.. ദേ കിടക്കണൂ അവന്റെ മറ്റേടത്തെ പുതിയ കണ്ടുപിടിത്തം... ന്യൂട്രിനോ.


ഇനിയിപ്പോ ആദ്യമ്പൂത്യേം തുടങ്ങണം..

ഉല്പത്തി -

1 - വിട്ടു..
2 - പോട്ടെ..
3 - ഒലക്ക..
4 - ....
17- ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18- ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.

ശരിയാണല്ലോ.. ആരോടും മത്സരിക്കാനല്ല നേരെ മറിച്ചു ഭൂമിയില്‍ വെളിച്ചമെത്തിക്കാനാണ് ദൈവം പ്രകാശത്തെ നിര്‍ത്തിയിരികുന്നത്. അതുകൊണ്ട് അത്രയേ സ്പീഡ് കാണൂ.   പ്രകാശത്തിനു അതിലും സ്പീടായാല്‍ പുലര്‍ച്ചെ മൂന്ന് മൂനരയ്ക്കൊക്കെ നേരം വെളുത്തു പാളീസായിപ്പോകും. കോഴികള്‍ ഉണരും മുന്‍പ് നട്ടുച്ചയാകും , ആകെ കണ്ഫ്യൂഷന്‍ ആകും. അതുകൊണ്ട്  ഭൂമിയില്‍ കറക്റ്റ് ടൈമില്‍ എത്തും വിധം പ്രകാശത്തിന്റെ വേഗത നാം നിര്‍ണ്ണയിച്ചിരിക്കുന്നു എന്ന് ദൈവം പറഞ്ഞതായി നമുക്ക് കിട്ടി. പ്രകാശത്തിന്റെ സ്പീട് അത്രയ്ക്ക് വേണ്ട ലേശം കുറയ്ക്കണം എന്ന് ദൈവം തീരുമാനിക്കണമെങ്കില്‍ അതിലും സ്പീടുള്ള എന്തോ ഒന്ന് ഉണ്ടാക്കിയിരിക്കണം. അങ്ങനെ വരുമ്പോള്‍  അതാവില്ലേ ഈ ന്യൂട്രിനോ?
ഓക്കെ. ഇനി ഇതൊന്നു ബ്രീഫായി എഴുതണം. ഒക്കെ റെഡിയാക്കി കൊണ്ടുവരുംപോഴേക്കും ശാസ്ത്രം പിന്നേം മാറ്റി പറയാതിരുന്നാ മതിയായിരുന്നു.