Friday, December 4, 2009

ഡിങ്കനും ഇതര ദൈവങ്ങളും- പഠനം


:ആമുഖം


1992ല്‍ വെനിസ്വേലയില്‍ “ദൈവത്തിന്റെ പ്രാധാന്യം” എന്ന പ്രബന്ധമവതിരിപ്പിച്ച് ഞാന്‍ തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്തുനിന്നു ഏര്‍ണ്ണാകുളം വരെയുള്ള ട്രെയില്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ഡോ. സുനില്‍ കുമാറിനോട് പ്രബന്ധ സബന്ധമായി ഒരോ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെ ഞാന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി- “ അകാശത്ത് തന്റെ സ്വൈര സഞ്ചാരത്തിനു തടസം നില്‍ക്കുന്ന തരംഗങ്ങളില്‍ കോപിച്ച് അതിനടിയിലുള്ള പ്രദേശങ്ങളെ ഡിങ്കന്‍ ശപിക്കുന്നതിന്റെ ഫലമായാണ് ഭൂമിയില്‍ ചിലയിടത്ത് മൊബൈല്‍ റേഞ്ച് കിട്ടാത്തതെന്നും ഇന്റെര്‍നെറ്റ് കണകക്ഷന്‍ കട്ടാവുന്നതെന്നും ഡിങ്കോയിസ്റ്റുകള്‍ കരുതുന്നുണ്ട്. അതിനു പരിഹാര കര്‍മ്മമായാണ് ഉപബുദ്ധനെ പോലെയുള്ള ഡിങ്കോയിസ്റ്റുകള്‍ രണ്ടാം ശനിയാഴ്ച തോറും മൊബൈല്‍ സ്വിച്ച് ഓഫാക്കി ഡിങ്കനോട് മാപ്പ് പറഞ്ഞു പരിഹാര കര്‍മ്മം ആചരിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ജനത പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു മനവ സമൂഹത്തിനു തടസം നില്‍ക്കുന്നു“ എന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അപ്പോള്‍ തൊട്ടടുത്തിരിക്കുന്ന പ്രശസ്ത ചിന്തനും കോയിക്കോട് സര്‍വകലാശാല ഗവേഷണ വിഭാഗം പ്രൊഫസറുമായ ശ്രീ ഇട്ടൂപ്പ് അതിലിടപെട്ടു കൊണ്ടു പറഞ്ഞു‌- മിസ്റ്റര്‍ പയ്യന്‍സ്- തനിയെ ഗര്‍ഭമുണ്ടാകുമെന്നും, ചത്തു പോയ അപ്പൂപ്പന്‍ കാക്കയായി വന്നു തൈര്‍ സാദമുണ്ണുമെന്നും, അരൂപിയും ഫ്ലെക്സിബിളുമായ ചെകുത്താനെ കല്ലെറിഞ്ഞു ഓടിക്കാമെന്നും, ഇതേ നൂറ്റാണ്ടില്‍ തന്നെ സമര്‍ഥിച്ച് ലേഖനമെഴുതുകയും പ്രബന്ധമവതരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ പോലെയുള്ള ആക്ടിവിസ്റ്റുകള്‍ ഉപബുദ്ധനെയും സംഘത്തെയും അന്ധ വിശ്വാസത്തിന്റെ പേരില്‍ പുച്ചിക്കുന്നത് കാണുമ്പോല്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല“ എന്ന്.


സന്ദര്‍ഭ വശാല്‍ “പാസ്കല്‍ ബോയര്‍”ക്കെതിരെ നടത്തിയ ഒരു വിശ്വപ്രസിദ്ധ ഉദ്ധരണി പ്രൊഫ.ഇട്ടൂപ്പ് പറഞ്ഞതായിരുന്നെങ്കിലും.. യഥാര്‍ഥത്തില്‍ “തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം വിഡ്ഡിത്തമാണുമെന്നുള്ള അതുവരെയുണ്ടായിരുന്ന ധാരണ“ മാറ്റിവെച്ച് ഡിങ്കനെയും ഡിങ്കോയിസത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആ സംഭവം എനിക്ക് ഒരു നിമിത്തമാവുകയായിരുന്നു.


ആരാണ് ഡിങ്കന്‍:


മൂല്യചുതിയിലകപ്പെട്ട ലോകത്തില്‍ സകല ജീവജാലങ്ങളെയും നേര്‍വഴിക്ക് നയിക്കാന്‍ വേണ്ടി തന്റെ നിര്‍ദ്ധേശങ്ങള്‍ ഭൂമിയില്‍ എത്തിക്കാന്‍ ദൈവം അദ്ധേഹത്തിന്റെ അളിയനായ ഡിങ്കനെ നിയോഗിക്കുകയായിരുന്നു എന്നും, അതല്ല ഈരേഴു പതിമൂന്നു ലോകത്തിനും നാഥന്‍ പേടകമായും അവതാരമായും ഒരേ സമയം ദ്വൈത വെക്തിത്ത്വം [മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി] പുലര്‍ത്തുന്ന അമൂര്‍ത്തഭാവമായ സൃഷ്ടികര്‍ത്താവ് തന്നെയാണ് ഡിങ്കനെന്നും ഡിങ്കോയിസ്റ്റുകളില്‍ തന്നെ വെത്യസ്ഥ അഭിപ്രായം നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്നുണ്ട്. 80കളുടെ ആരംഭത്തില്‍ അനീതിക്കെതിരെ പോരാടാന്‍ ഡിങ്കനു ആരോഗ്യപരമായ ചില തടസങ്ങള്‍ ഉണ്ടായി സമൂഹത്തില്‍ ഇടപെടാനകാതെ വന്നപ്പോള്‍ അന്യഗ്രഹ പേടകം അവതരിച്ചു ഡിങ്കനു വാണിങ്ങ് കൊടുക്കുന്നത് [ബാലംഗളം 11:16] നിരീക്ഷണ വിധേയമാക്കിയാല്‍ ഡിങ്കന്‍ പ്രവാചകനാണ് എന്ന സിദ്ധാന്തത്തിമാണു പൊതുവെ സ്വീകാര്യമായിരിക്കുന്നത്. ഇങ്ങനെയൊക്കെയായാലും ഒരു ബഹുസ്വര സമൂഹം തങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും ശേഷിയുള്ള ജഗത് നിയന്താവായിതന്നെ ഡിങ്കനെ ആരാധിക്കുന്നു. അവനവന്റെ നന്മയില്‍ ഡിങ്കന്‍ കുടികൊള്ളുന്നു എന്നും അതിനാല്‍ അഹം-ഡിങ്കാസ്മി എന്ന മൂലം മന്ത്രം തദ്വാരാ ഡിങ്കോയിസ്റ്റുകള്‍ ഉപയോഗിച്ചുവരുന്നു. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം മൊബൈല്‍ സ്വിച്ച് ഓഫാക്കേണ്ടി വരുന്നത് ഡിങ്കന്റെ സഞ്ചാര പദത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷത്ത് തിരിച്ചറിയുന്നതിനാലാണ് എന്നൊരു വിശ്വാസം പ്രഭലമാണ്.


ഡിങ്കനും ഡിങ്കേതര ദൈവങ്ങളും;





സാധാരണയായി കേട്ടറിവു മാത്രമുള്ള മറ്റു ദൈവങ്ങളില്‍നിന്നു ഡിങ്കനെ വെത്യസ്ഥനാക്കുന്നത് പങ്കിമല ആണ്ടവനെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ പാകത്തിനു ഫുള്‍സൈസ് ഫോട്ടോയും ജീവിച്ചിരുന്നതിന്റെ തളിവായി ആറുമാസത്തെ ബാങ്ക് സ്റ്റെയിറ്റ്മെന്റും ഉണ്ടെന്നുള്ളതാണ് [ അവലമ്പം- ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ-ഉപബുദ്ധന്‍ ] അതുമാത്രമല്ല രൂപമില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കാന്‍ ഹോമസാപ്പിയന്‍സിന്റെ തലച്ചോറിനു അസാധ്യമായിരിക്കെ ഡിങ്കനെ ആരാധിക്കുന്നവരുടെ പ്രര്‍ഥന..വ്യക്തമായ ഫോട്ടോ ഉള്ളതിനാല്‍ ലക്ഷ്യം തെറ്റി ഇതര ദൈവങ്ങളിലേക്ക് പോവില്ല എന്നു ഏതൊരു ഡിങ്കോയിസ്റ്റുകാരനും ഉറപ്പിക്കാന്‍ കഴിയും. പ്രബഞ്ചത്തിന്റെ ഘടനയെപറ്റിയും ഗാലക്സികളുടെ രൂപത്തെക്കുറിച്ചും പ്രകാശത്തിന്റെ വേഗതയെകുറിച്ചും, പേപ്പട്ടി പ്രതിരോധ വാക്സിനെ പറ്റിയും, ട്രാഫിക്ക് നിയമങ്ങളെ പറ്റിയും എല്ലാം വ്യെക്തമായ നിലപാടുകള്‍ മറ്റു ദൈവങ്ങളെ അപെക്ഷിച്ചു ഡിങ്കന്‍ പറഞ്ഞു കൊടുത്തിരുന്നു എന്ന ദൃഷ്ടാന്തം ബാലമംഗളം വായിക്കുന്നവര്‍ക്ക് മനസിലാക്കാം. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ മുഖേന ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്തു മനസിലാക്കി പ്രതികരിക്കുന്ന സ്റ്റാര്‍ ചിപ്പ് സാങ്കേതിക സംവിധാനം ഡിങ്കനില്‍ നിക്ഷിപ്ത്മായതിനാല്‍ ഭക്തന്റെ വിളി ഡിങ്കനു റിസീവ് ചെയ്യാന്‍ കഴിയും എന്ന ഗ്യാരണ്ടി ജഗത് രക്ഷകന്റെ പ്ലസ് പോയിന്റാണ്. അന്യഗ്രഹ ജീവികളാല്‍ നിര്‍മ്മിതമായ ബാര്‍ അറ്റാച്ചഡ് ഫൈസ്റ്റാര്‍ ഹോട്ടലില്‍ കോള്‍ ഗേള്‍സിനോടൊപ്പം താമസിക്കാന്‍ തന്റെ ഭക്തന്‍ മരിക്കണമെന്ന നിര്‍ബന്ധം പോലും ഡിങ്കനില്ല എന്ന് അദ്ധേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു- ഇത് ഡിങ്കന്റെ മഹാമനസ്ക്തയുടെ മികച്ച ഉദാഹരണമാണ്. “നിങ്ങളില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും എനിക്കൊരു ചുക്കുമില്ല. എന്നാല്‍ വലിഞ്ഞു കയറിപോയി സഹായിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ എന്നെ പേരെടുത്ത് വിളിച്ച് പ്രാര്‍ഥിച്ചാലെ നിങ്ങളെ ഞാന്‍ സഹായിക്കുള്ളൂ. [ബാലമംഗളം 08:22] എന്ന തിരുമൊഴി ഡിങ്കനെ മറ്റ് ദൈവങ്ങളില്‍നിന്നു പൂര്‍ണ്ണമായും വെത്യസ്ഥനാക്കുന്നു. കടുമ്പിടുത്തകാരനും പരദൈവങ്ങളില്‍ അസൂയക്കാരനുമായ ഒരു ദൈവത്തെയല്ല മറിച്ച് മാനാഭിമാനം മാത്രമുള്ള ഒരു പരമ കാരുണ്യവാനായാണ് ഡിങ്കനെ ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.


വേദഗ്രന്ഥം:


ഡിങ്കന്റെ അസ്ഥിത്ത്വത്തെ പറ്റി ഉത്ഭവപരമായ ചില അഭിപ്രായ വെത്യാസങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ബാലമംഗളം അടിസ്ഥാന പ്രമാണമാക്കി തന്നെയാണ് എല്ലാ ഡിങ്കോയിസ്റ്റുകളും ആത്മീയ ജീവിതം നയിച്ചു വരുന്നത്. ദ്വൈവ വാരികാ സബ്രദായത്തില്‍ നിന്ന് വാരിക സമ്പ്രദായത്തിലേക്ക് നീങ്ങിയുള്ള ബാലമംഗളത്തിലൂടെയാണ് ഡിങ്കന്‍ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ ജീവജാലങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത്. ഡിങ്കന്റെ അപദാന കഥകളുടെ വിവരണങ്ങള്‍ മംഗളം. സിനിമാമംഗളം തുടങ്ങിയ നൂറ്റാണ്ടുകള്‍ക്ക് ശേഷം രചിക്കപെട്ട ഉപഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ കൈകടത്തലുകള്‍ അതില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. അതുകൊണ്ട്തന്നെ മൂലഗ്രന്ഥമായ ബാലംഗളം മാത്രമാണ് ഡിങ്കന്‍ വെച്ച് നീട്ടുന്ന സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ എന്ന് അവര്‍ കണക്കാക്കുന്നു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ക്വാണ്ടം തിയറി, ആന്ത്രോപ്പിക്ക് സിദ്ധാന്തം, ഗ്രാവിറ്റി, ട്രാഫിക്ക് നിയമങ്ങള്‍, ലോഗരിതം പട്ടിക, ആരോഗ്യം തുടങ്ങിയ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളുടെയെല്ലാം ക്ലൂ അല്ലാതെ നേര്‍വിവരണം തന്നെ ബാലമംഗളത്തില്‍ കണ്ടെത്താ‍ാന്‍ കഴിയും എന്ന് ഡിങ്കോയിസ്റ്റ് ചിന്തകനും ആചാര്യനുമായ ഉപബുദ്ധന്റെ “ഡിങ്കനെ കണ്ടെത്തെല്‍“ എന്ന് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.


തൊണ്ണൂറുകളുടെ അവസാനം എനിക്കും പ്രമുഖ ചരിത്രകാരന്‍ ഡോ. ടിന്റു മോനും കൂടി ഡിങ്കോയിസ്റ്റ് ആത്മീയാചാര്യന്‍ ഉപബുദ്ധനെ അദ്ധേഹത്തിന്റെ അങ്കമാലിയിലുള്ള ആശ്രമത്തില്‍ വെച്ച് കൂടിക്കാണാനവസരം ലഭികുകയുണ്ടായി. മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലേറ്റായതിനാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ക്ക് ആശ്രമത്തില്‍ എത്തിച്ചേരാനായത്- സംഭവത്തിന്റെ സത്യാവസ്ഥ അദ്ധേഹത്തെ/ഉപബുദ്ധന്‍ അവര്‍കളെ ബോധിപ്പിച്ചപ്പോല്‍ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ട് അദ്ധെഹം പറഞ്ഞു- “അതെനിക്കറിയാം. ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലെറ്റാവും എന്നതിനു സൂചന തന്നിട്ടുണ്ട്“ എന്ന്. വിശ്വാസം വരാതെ സ്തബ്ദരായിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് ഷോക്കേസിലിരിക്കുന്ന് 94ലെ മെയ് രണ്ടാം ലക്കം ബാലമംഗളമെടുത്തു അതിലെ ബാക്ക് കവര്‍ പേജ് ചൂണ്ടികാണിച്ചു അദ്ധേഹം പറഞ്ഞു.. ഇതാ വായിച്ചു നോക്ക് എന്ന്. ആ പേജിലുണ്ടായിരുന്ന സൂര്യമാര്‍ക്ക് കുടയുടെ പരസ്യം അരിച്ചു പെറുക്കിയിട്ടും ഞങ്ങള്‍ക്കൊരു സൂചനയും കിട്ടിയില്ല. അഥിതികളുടെ ദയനീയാവസ്ഥ മനസിലാക്കിയെന്നോണം അദ്ധേഹം ഒരു പേനെയെടുത്തു ആ പേജിലുണ്ടായിരുന്ന് -04962750128 എന്ന് ടെലി ഫോണ്‍ നമ്പറില്‍ അടിവരയിട്ടു അക്കങ്ങളെ കോമയിട്ടു വേര്‍തിരിച്ച ശേഷം പറഞ്ഞു: ഇതാണാ ക്ലൂ. സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും മനസിലായില്ല എന്ന് ദിവ്യജ്ഞാനത്താല്‍ തിരിച്ചറിഞ്ഞു അദ്ധേഹം ക്ഷേത്രഗണിതം വിശദീകരിച്ചു:


അതായത് -0496 എന്ന ആദ്യ 4 നമ്പര്‍ കോഴിക്കോടിന്റെ എസ്.ടി.ഡി കോഡിനെ സൂചിപ്പിക്കുന്നുവത്രെ. പിന്നെയുള്ള 275 എന്ന അക്കം അവിടുന്നു മംഗലാപുരത്തേക്കുള്ള ദൂരത്തെ കുറിക്കുന്നതായതിനാല്‍ മംഗലാപുരമാണെന്നും, അടുത്ത നമ്പറായ 01 സ്വാഭാവികമായും തിരുവനന്തപുരത്തിന്റെ രജിസ്ട്രേഷന്‍ നമ്പറായതിനാല്‍…. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയിന്‍ എന്നു മനസിലാക്കാം. അടുത്ത ഡിജിറ്റായ 28 എന്ന സംഘ്യയെ മിനുട്ടാ‍ക്കി കണക്കാക്കിയാല്‍ മാഗ്ലൂര്‍ ട്രിവാണ്ട്രം ട്രെയിനായ മാവേലി 30 മിനുട്ട് വൈകുന്നു എന്ന പ്രവചനം ആര്‍ക്കും കണ്ടെത്താം. ഇങ്ങനെ ഭൂമിയുടെ സ്പന്ദനത്തിന്റെ ഓരോ ഗതിവിഗതികളും പരമകാരുണ്യവാനായ ഡിങ്കന്‍ നമുക്കായ് വേദഗ്രന്ഥത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. അത് കണ്ടെത്താനുള്ള ജ്ഞാനം കൈവരിക്കണെമെന്ന് തടസം മാത്രമെ സാധാരണക്കാര്‍ക്കു മുന്നിലുള്ളൂ.


ആചാര്യന്‍ പറഞ്ഞു നിര്‍ത്തും മുന്‍പ് ഞങ്ങളാ തപോ വൃദ്ധനെ മനസാ നമസ്കരിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ടെലിഫോന്‍ ഡയറക്ക്ട്രിയില്‍ നിന്നു പോലും ഭൂമിയുടെ സ്പന്ദനം തിരിച്ചറിയാന്‍ ശേഷിയുള്ള ആ യോഗി വേദപുസ്തകത്തിനു പുതിയ ഭാഷ്യം രചിച്ച ഒരു ഡിങ്കോയിസ്റ്റ് പണ്ടിതനായിരുന്നു. ആത്മീയ ചൈതന്യത്തിന്റെ പ്രവാഹമായ ആ മനുഷ്യശ്രേഷ്ടന്‍ ബാലമംഗളത്തില്‍ പറഞ്ഞ ജീവിത ചര്യകളെയും അനുഷ്ടാന കര്‍മ്മങ്ങളെയും പറ്റി കൂടുതല്‍ വാചാലനാകുകയായിരുന്നു.




വിമര്‍ശനങ്ങളും പ്രതിരോധങ്ങളും:


“റോഡിന്റെ ഇടതു വശം ചേര്‍ന്നു നടക്കുക“ [ബാലമംഗളം-22:13] എന്ന ഡിങ്കന്റെ പ്രബോധനം- വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം പോയിട്ടില്ലാത്തതും വണ്‍-വെ ട്രാഫിക്ക് കണ്ടിട്ടില്ലത്തതുമായ ഒരുഗോത്രവര്‍ഗ്ഗ നേതാവിന്റെ ആഹ്വാനം മാത്രമാണ് എന്ന് മുഖ്യധാരാ സമൂഹത്തില്‍നിന്നുയര്‍ന്നു വന്ന വിമര്‍ശനത്തിനു ഡിങ്കോയിസ്റ്റുകള്‍ നല്‍കിയ വിശദീകരണം ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.- ഏകപക്ഷിയമായ ഗതിവിഗതികള്‍ ഏകാധിപത്യ പ്രവണതെയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഡിങ്കന്‍ വണ്‍-വെ ട്രാഫിക്ക് അംഗീകരിക്കുന്നില്ല. മാത്രമല്ല കീപ്പ് ലെഫ്റ്റ് എന്ന ആചാരം മാറ്റിയാല്‍ നടന്നു പോകുന്ന ഒരുവന്റെ ഭാര്യ ഏതാണ് കീപ്പ് ഏതാണെന്ന് മഹുമുഖ സമൂഹത്തിനു വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഡിങ്കവചനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതാകുന്നു എന്നും അത് തിരുത്താന്‍ തങ്ങള്‍ അശക്തരാണ് എന്നുമായിരുന്നു അത്.


ഇരുപതാം നൂറ്റാണ്ടില്‍ അറിവുണ്ടായിരുന്ന ശാസ്ത്ര സത്യങ്ങളും അന്നത്തെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു സാമൂഹ്യ നിയമങ്ങളും ബാലമംഗളത്തില്‍ എഴുതിച്ചേര്‍ത്ത് അത് തങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്ന നിര്‍ദ്ധേശങ്ങളാണെന്ന് പറഞ്ഞ് അവതരിപ്പിക്കുകയല്ലായിരുന്നോ എന്ന് സംവാദത്തിനിടയില്‍ ഒരുവിമര്‍ശകന്‍ ഉന്നയിച്ചപ്പോള്‍ ഡിങ്കോയിസ്റ്റ് ആചാര്യനായ ഉപബുദ്ധന്‍ പ്രതിധ്വനിച്ചത്- ഒരിക്കലും അല്ല എന്നും അങ്ങനെ പറയാന്‍ കാരണം ഡിങ്കന്‍ അങ്ങ്നെ പറഞ്ഞു എന്നതുമാണ്എന്നാണു
.
വേദപുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തില്‍ അന്യ ഗ്രഹ പേടകം വന്ന് ഡിങ്കനെ നിയന്ത്രിക്കുന്നത് വിലയിരുത്തിയാല്‍ ഡിങ്കന്‍സര്‍വ്വ ശക്തനല്ലെന്ന് മനസിലാക്കാന്‍ കഴിയും. സര്‍വ്വ ശക്തനല്ലാതെ ഒരു ദൈവത്തിനു നിലനില്‍ക്കാനാവുമോ ?- എന്നായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമഘട്ടത്തില്‍ പ്രതിയോഗികളുന്നയിച്ച മറ്റൊരു ശ്രദ്ധേയമായ വിമര്‍ശനം


ഡിങ്കനു തന്നെക്കാള്‍ ശക്തനായ മ്റ്റൊരു രൂപത്തെ ശ്രിഷ്ടിക്കാന്‍ കഴിയും- അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും പുതിയ രൂപം സര്‍വ്വ ശക്തനായി മാറും. നേരെ മറിച്ചു ഡിങ്കനു തന്നെക്കാള്‍ മികച്ച ഒരാളെ സൃഷ്ടിക്കാനായില്ലെങ്കില്‍ സര്‍വ്വത്തിനും ശക്തനെന്ന നാമം ചോദ്യചെയ്യുപ്പെടുകയും ചെയ്യും. അതുകോണ്ട് യാതൊരു സങ്കോചവുമില്ലാതെ ഇത്തരം അവകാശ വാദങ്ങളുന്നയിക്കാന്‍ ഡിങ്കന്‍ ശ്രമിച്ചിട്ടില്ല.- എന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്താണ് അന്ന് തലമാ‍ത്രം മുതിര്‍ന്ന ഡിങ്കോയിസ്റ്റുകള്‍ തിരിച്ചടിച്ചത്.


വിമര്‍ശ്ശിക്കുന്നവര്‍ ആദ്യം ബാലമംഗളം വായിക്കട്ടെ. തൂങ്ങിമരിച്ചവരെപറ്റി ആധികാരികമായി പറയാനുള്ള അധികാരം തൂങ്ങിമരിച്ചവര്‍ക്കെ പാടുള്ളൂ. “എഴുത്തുകാരനും വായനക്കാരനും മത്സരിച്ചു എണ്ണ കത്തിക്കുമ്പോള്‍ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നതല്ലാതെ പ്രശ്നങ്ങള്‍ തീരുന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴുവുചാലുകള്‍ക്കിടയില്‍ സംസ്കരിക്കുകയല്ല പുറത്ത് കൊണ്ടുവന്നു ഉത്തേജിപ്പിക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്യുന്നത്.” എന്ന് ആനന്ദിനെ ഉദ്ധരിച്ചുകൊണ്ട് നവോഥാനത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതലമുറ ബാലമംഗളം പോലുള്ള വേദഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതിന്റെ ശരിയായ സത്വം ഉള്‍കൊണ്ടുകൊണ്ടു മനസിലാക്കണം എന്നൊരു സന്ദേശം കൂടി ആ അവസരത്തില്‍ ഡിങ്കോയിസ്റ്റ് ആചാര്യന്മാര്‍ സമൂഹത്തിനു നല്‍കുകയുണ്ടായി.


ഡിങ്കോയിസത്തിന്റെ പോരായ്മകള്‍:


“തന്റെ കുഞ്ഞുങ്ങള്‍ തന്നെ പോലെ മാത്രമെ ചിന്തിക്കാവൂ എന്ന മൌലികവാദപരമായ ചിന്ത ഒരു ഡിങ്കോയിസ്റ്റും വെച്ചു പുലര്‍ത്താന്‍ പാടുള്ളതല്ല“ [ബാലമംഗളം 07:18] എന്ന് ഡിങ്കന്റെ ആഹ്വാനമുള്ളതിനാല്‍ ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമെ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ല. അതുമൂലം സുപ്പര്‍മാനെയും സ്പൈഡര്‍മാനെയും കപീഷിനെയുമൊക്കെ പഠിക്കുന്ന കുട്ടികള്‍ അവരെ പോലെ ഒരാളായ് ഡിങ്കനെയും കാണാന്‍ ശ്രമിക്കുന്നു എന്നത് തന്റെ ദൈവം മാത്രം മികച്ചവനാണെന്ന സന്ദേശം ഡിങ്കന്റെ അനുയായികള്‍ക്ക് ലഭിക്കുന്നില്ല. കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ മുലപ്പാലിനൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളുടെ ബാലബുദ്ധിയിലേക്ക് ഡിങ്കനെയും ഡിങ്കോയിസത്തിന്റെ ആചാരങ്ങളെപ്റ്റിയും ചുരന്ന് നല്‍കാന്‍ മാതാപിതാക്കളായ ഡിങ്കോയിസ്റ്റ് ദമ്പതികള്‍ താല്പര്യപെടാറില്ല.- ഇത് ബാല്യം മുതല്‍ ഒരാളുടെ ഉപബോധമനസില്‍ അടിയുറച്ചു ഖരീഭവിക്കേണ്ട വിശ്വാസത്തിനു മന:ശാസ്ത്രപരമായി കോട്ടമുണ്ടാക്കുന്നതായി കണ്ടുവരുന്നു.


ഡിങ്കോയിസ്റ്റുകള്‍ നിര്‍ബന്ധമായും സത്യസന്ധതയും, വിജ്ഞാനവും, വിവരവും ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബാലമംഗളത്തില്‍ പറയുന്നതിനാല്‍ പ്രസ്തുത മതക്കാര്‍ സാമാന്യം വിവരമുള്ളവരായും വിക്കിപീഡിയ ആരാധകരായുമാണ് കാണ്ടെത്താന്‍ കഴിയുന്നത്.- ഈ പ്രവണത ഡിങ്കോയിസം വളരാന്‍ ബാലമംഗളം തന്നെ തടസമായി നില്‍ക്കുന്ന അപൂര്‍വ്വ സാഹചര്യം സൃഷിടിക്കുന്നു എന്നു നരവംശ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു . കാരണം കുഞ്ഞുങ്ങള്‍ അജ്ഞാതമായ ഒരു വസ്തുവിനെ കുറിച്ചു സംശയം ചോദിക്കുന്ന അവസരത്തില്‍ വസ്തു നിഷ്ടമായി അവര്‍ക്ക് ഉത്തരം നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ ബാധ്യസ്ഥരായതിനാല്‍ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ “ദൈവ കരമാണെന്ന്“ പറഞ്ഞ് അരൂപിക്ക് ബാലമനസില്‍ ഹീറോയിസം വ്യാ‍ജമായി പതിച്ചു നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്ക് കഴിയാറില്ല.


ചരിത്രകാരന്മാരുടെ ദുര്‍വ്യാഖാനം:


ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദത്തില്‍ Y2K യുഗത്തിനു മുന്‍പ് ചൊവ്വയില്‍നിന്നു വന്നു കുടിയേറിപാര്‍ത്ത ഡോ.സാമുവല്‍ കണാരന്‍ എന്ന മൈക്ക്രോബയോളജിസ്റ്റ് ഡങ്കിപനി നിവാരണത്തിനായി കണ്ടുപിടിച്ച മരുന്ന് പങ്കിമലക്കാട്ടിലെ മാളത്തില്‍ കഴിഞ്ഞിരുന്ന ഒരു എലിയില്‍ പരീക്ഷിക്കുകയും തുടര്‍ന്നു ജനിതക വൈകല്യം പിടിപെട്ട എലിക്ക് മനുഷ്യ ശരീരം കൈവരുകയും അമാനുഷ പ്രകടനങ്ങള്‍ക്ക് പാത്രമായി തീരുകയുമുണ്ടായി. തല്‍ഫലമായി ഡോ. സാമുവല്‍ കണാരന്‍ എലിയില്‍ സംഭവിച്ച മാറ്റം മനസിലാക്കുകയും നാണം മറക്കാന്‍ അന്ന് പ്രചാരത്തിലിരുന്ന ആയിഷ അണ്ടര്‍ ഗാര്‍മെന്റെസ്* ധരിപ്പിക്കുകയും ഒരു ശസ്ത്രക്രിയ നടത്തി തങ്ങള്‍ക്ക് നിയന്ത്രിക്കാനായി ഒരു മൈക്രോ ചിപ്പ് ആ ജീവിയില്‍ വെച്ച് പിടിപ്പിച്ചു നിയന്ത്രിച്ചു പോരുകയും ചെയ്തു. 1982ല്‍ കക്കൂസ് സ്ബ്രദായമായിമാറിയിട്ടില്ലാത്ത പങ്കിമലക്കാടിന്റെ സമീപവാസത്ത് ജീവിക്കുന്ന ഗോത്ര സമൂഹത്തിലെ ഹോമസാപ്പിയന്‍ വര്‍ഗ്ഗത്തില്‍പെട്ട സുരേഷ് പ്രാധമിക കര്‍മ്മങ്ങള്‍ക്കായ് എപ്പോഴോ വനാന്തര്‍ഭാഗങ്ങളിലൂടെ നീങ്ങവെ ആ അല്‍ഭുത ജീവിയുടെ അതിസാഹസിക പ്രവര്‍ത്തികള്‍ കണ്ട് ആകൃഷ്ടനാകുകയും അതിനെ ഡിങ്കനെന്ന പേര്‍ വിളിച്ച് ആരാധിച്ചുപോരുകയും ചെയ്തു. കാലഘട്ടത്തിനിടയില്‍ സുരേഷിനു “മൈനോമോര്‍പ്പോസിസ്“ എന്ന രോഗം വരുകയും രോഗ ശയ്യയില്‍ വെച്ച് പിച്ചും പേയും പറയുകയുണ്ടായി.. പ്രസ്തുത സംഭാഷന ശകലങ്ങള്‍ ശേഖരിച്ചു സുരേഷിന്റെ അനുജന്‍ ശശി അതിനെ ക്രോഡീകരിക്കുകയും നിലവില്‍ ആ ഗോത്രസമൂഹത്തിലുണ്ടായ ട്രാഫിക്ക് നിയമങ്ങളും ജീവിത സമ്പ്രദായങ്ങളും ചേര്‍ത്ത് സമീകരിച്ചു പ്രിന്റു ചെയ്തു പുസ്തകമാക്കുയുണ്ടായി.* സുരേഷിന്റെ മൂത്ത ജേഷ്ടനായ അനീഷ് ആത്മീയതിയിലൂന്നി ദൈവിക ഭാവം നല്‍കി ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഡിങ്കോയിസം എന്ന മതത്തിനു രൂപം ചമച്ചു. അദ്ധേഹം പിന്നീട് പ്രസ്തുത അങ്കമാലി ഗോത്രത്തില്‍ ഉപബുദ്ധന്‍* എന്ന പേരില്‍ ഡിങ്കോയിസ്റ്റ് ആചാര്യനായി അറിയപ്പെടുകയും ബ്ലോഗിലൂടെ ഡിങ്കന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് പ്രബോധിപ്പിക്കുകയും ചെയ്തു ഡിങ്കനോടുള്ള തന്റെ പ്രതിബദ്ധത വെളിവാക്കി.


ഫോര്‍ റഫറന്‍സ്:-


*കണാരന്‍സ് മാനുവല്‍-1981
*പങ്കിലക്കാട് രേഖകള്‍
*ആയിഷ അണ്ടര്‍ ഗാര്‍മെന്റെ-കൊച്ചി.
*ഉപബുദ്ധന്‍- ബ്ലോഗ് ലിങ്ക്.



------------------------------------------------------------------------------

Saturday, November 28, 2009

ഗതികെട്ട പുലികള്‍ [അവലോകനം]





പ്രത്യയശാസ്ത്ര നിബദ്ധമായ കണ്‍ഫൂഷനിസത്തിന്റെ പഴുതിലൂടെയല്ലാതെ ദോഷൈകദൃക്‌കുകളുടെ ഇടയില്‍ ദീര്‍ഘകാലം ഒരു ബുദ്ധിജീവിക്കും പിടിച്ചുനില്‍ക്കാനാവില്ല. സാധാ ജീവികള്‍ക്ക് എളുപ്പം ദഹിക്കാത്ത സാങ്കേതിപദങ്ങള്‍കൊണ്ട് വാഗ്വിലാസം നടത്തുന്നതിനാലോ, സൈദ്ധാന്തികമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറം അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടാതിരുന്നതിനാലോ ആയിരിക്കണം ഇടതുപക്ഷ സഹായാത്രികരായ സൈദ്ധാന്തിക കോമരങ്ങളെ മാത്രമെ നാം ബുദ്ധിജീവിയായി  അംഗീകരിച്ചിരുന്നുള്ളൂ.

 “അംഗീകരിച്ചിരുന്നുള്ളൂ“ എന്ന് സൂചിപ്പിക്കുമ്പോള്‍ അത് ഭൂതകാലത്തെ കുറിക്കുന്ന പദമാണ് ഇപ്പോഴില്ല എന്ന് വഗ്യം.അങ്ങനെയാണെങ്കില്‍.. ഒന്നുകില്‍  ഈയിടെയായി വലതുപക്ഷ സഹയാത്രികരെയും നമ്മള്‍ ബുദ്ധിജീവികളായി അംഗീകരിക്കാന്‍ തുടങ്ങി എന്നോ.. അല്ലെങ്കില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാലഹരണപെട്ടു എന്നോ കണക്കാക്കാവുന്നതാണ്. ഒന്നാമത്തെ സംശയം അസംഭവ്യമായിരിക്കെ.. രണ്ടാമത് പറഞ്ഞ സമ്പൂര്‍ണ്ണ-സോഷിലിസത്തിന്റെ കാവല്‍ഭടന്മാര്‍ക്കെന്ത് സംഭവിച്ചു എന്ന ചിന്തയില്‍ നാം വ്യാപ്രിതരാകേണ്ടിയിരിക്കുന്നു.  ഒന്നുകില്‍ ധാര്‍മ്മികപരമായ മൂല്യച്യുതികളിലകപ്പെട്ടു പ്രത്യയശാസ്ത്രം ചിതലെടുത്തു കാണണം. അല്ലെങ്കില്‍  അതിജീവനത്തിനു ത്രാണിയില്ലാതെ ബുദ്ധിജീവികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കണം.

തല്‍ക്കാലം ത്വാത്വിക വിശകലനങ്ങളും ബൌദ്ധിക പ്രബോധനങ്ങളും സാങ്കേതിക ന്യായീകരണങ്ങളും വിട്ട് നമുക്ക് ലളിതമായ് സംഗ്രഹിക്കാം.. സാധാ ജീവികള്‍ക്കും മനസിലാകണമല്ലൊ.!

ഒരേ വിസ്തീര്‍ണ്ണമുള്ള രണ്ടു വെത്യസ്ഥ പ്ലാനുകള്‍ കഥപറയട്ടെ. താഴെ കൊടുക്കുന്ന 'B' വലതുപക്ഷ നിലപാടുകളായും, 'A' ഇടതു പക്ഷ പ്രത്യയശാസ്ത്രവുമായ് സങ്കല്‍പ്പിക്കാം. ഒരോന്നും തനിയെ എടുത്തു അതില്‍ ബുദ്ധിജീവികള്‍ക്ക് നിലനില്‍ക്കാനുതകുന്ന “ആവാസവ്യവസ്ഥ“ എങ്ങനെ അടങ്ങിയിരിക്കുന്നു എന്നും നോക്കാം.


B.വലതുപക്ഷം:

വലതുപക്ഷ പ്ലാന്‍ പ്രകാരം പണിത ഈ അകം പൊള്ളയായ കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക്.. വര്‍ഗ്ഗ ശത്രു ഏത് കമാനത്തില്‍ കൂടി വന്നാലും കൂട്ടത്തോടെ നേരിടാം, അല്ലെങ്കില്‍ എതിര്‍ കവാടത്തിലൂടെ ഓടി രക്ഷപ്പെടാം എന്ന്  ഈ പറയുന്ന വായനക്കാരനും ചിന്തിക്കാമെന്നിരിക്കേ സങ്കീര്‍ണ്ണത നിറഞ്ഞൊരു അന്തരീക്ഷമില്ലാത്തതിനാല്‍ പഠനത്തിനും വിവരണത്തിനും ഒരു ബുദ്ധിജീവിയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ  ബുദ്ധിജീവികള്‍ക്ക് നിലനിക്കാനുതകുന്ന സാഹചര്യമില്ല വലതുപക്ഷത്ത് എന്ന് കാണാം. ഇത്തരം സ്ഥിതിവിശേഷമുള്ള സാമൂഹ്യഘടനയില്‍ ബുദ്ധിജീവികളെ തേടി നാം കൂടുതല്‍ അലയുന്നത് മൌഡ്യത്വമാകും. നമുക്കിതിവിടെ വിടാം...


                                                            A. ഇടതുപക്ഷം:





പ്രത്യശാസ്ത്രനിബദ്ധമായ ചുമരുകള്‍ സൃഷ്ടിച്ചു അകം വേര്‍തിരിച്ചിരിക്കുന്ന ഈ ഇടതുപക്ഷ നിലപാട് പ്ലാന്‍ പ്രകാരം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ വസിക്കുന്നവരെ വേര്‍തിരിച്ച്.. ഒന്നില്‍ തൊഴിലാളികളെയും രണ്ടാമത്തേതില്‍ സോഷിലിസ്റ്റുകളെയും മൂന്നാമത്തെതില്‍ കര്‍ഷകരെയും നാലാമത്തെതില്‍ ബോള്‍ഷെവിക്കുകളെയും സെന്റെര്‍ ഹാളില്‍ അനുഭാവികളയും പരസ്പരം പൂരകങ്ങളായ മുറികളില്‍ സങ്കല്‍പ്പിച്ച് പ്രതിഷ്ടിചിരിക്കുന്നു... പഴയ തറവാടുകളിലെ കാരണവര്‍ സങ്കല്‍പ്പം പോലെ. ഇവിടെയ്ക്കു വര്‍ഗ്ഗ ശത്രു കടന്നുവരുമ്പോള്‍ എങ്ങനെ, ആര് നേരിടണം എന്ന് സ്വാഭാവികമായി ആര്‍ക്കും കണ്‍ഫ്യൂഷനുണ്ടാകും. ആളെറെ കൂടിയാല്‍ പാമ്പ് ചാകില്ലല്ലോ. അതുകൊണ്ട് തന്നെ വ്യെക്തമായ പ്ലാനിങ്ങുകളും വിശദീകരണങ്ങളും ആവശ്യമുണ്ടായിവരിക സ്വാഭാവികം. ഇത് ബുദ്ധിജീവികള്‍ക്ക് വളര്‍ന്ന് പന്തലിക്കാനുള്ള വന്‍ സാധ്യതകളൊരുക്കി.

ഉദാഹരണത്തിനു അബദ്ധവശാല്‍ ഒരു വര്‍ഗ്ഗശത്രു ഏതെങ്കിലും ഒരു കവാടത്തിലൂടെ ഇടതുപക്ഷേത്തേക്ക്  എത്തി നോക്കി എന്നിരിക്കട്ടെ...

1- ഒന്നാമത്തെ മുറിയിലുള്ള തൊഴിലാളി വര്‍ഗ്ഗം വര്‍ഗ്ഗ ശത്രുവിനെ കണ്ണുരുട്ടി കാണിക്കട്ടെ.
2-രണ്ടാമത്തെ മുറിയിലുള്ള സോഷിലിസ്റ്റുകള്‍  ടി-ശത്രുക്കളെ ഉടുമുണ്ട്  പൊക്കി കാണിക്കട്ടെ.
3-ഒര്‍ജ്ജിനല്‍ വര്‍ഗ്ഗ ശത്രുവാണോ എന്ന് മനസിലാക്കാന്‍  മൂന്നാം മുറിയിലിരിക്കുന്ന കര്‍ഷകര്‍  ശത്രുവിന്റെ മേല്‍ വെള്ളം കോരിയൊഴിക്കട്ടെ.
4-സെന്റെര്‍ റൂമിലുള്ള അനുയായികള്‍ വര്‍ഗ്ഗ ശത്രുവിനെ അനുനയിപ്പിച്ചു സ്വീകരിച്ചിരുത്തി ചായകൊടുക്കട്ടെ, ശത്രു അങ്ങനെ ചായകുടിക്കുമ്പോള്‍ ബോള്‍ഷെവിക്കുകള്‍ നാലാം മുറിയില്‍ നിന്നു പതുങ്ങിവന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിക്കട്ടെ.

എന്നിങ്ങനെ.. ഈ നിസ്സാര കാര്യത്തെ സമ്പന്ധിച്ചു പോലും വിവിധ തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിശകലങ്ങളില്‍  ഏര്‍പ്പെട്ട് അനുയായികളെ പ്രബോധിപ്പിക്കാം, പഠനങ്ങള്‍ രൂപപെടുത്താം. ഇനി നിര്‍ഭാഗ്യത്തിനു വര്‍ഗ്ഗ ശത്രുവൊന്നും വന്നില്ലാന്നിരിക്കട്ടെ.. എന്നാലും ബുദ്ധിജീവികളുടെ അന്നം മുട്ടാതിരിക്കാനുള്ള സ്കോപ്പുകള്‍ കിടക്കുകയല്ലേ സാഗരം പോലെ... ബോള്‍ഷവിക്കുകള്‍ ഉറങ്ങുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിനു തുമ്മല്‍ വന്നാല്‍ എന്തു ചെയ്യണം, അനുഭാവികള്‍ സെന്റെര്‍ ഹാളില്‍ ഞെരിപിരികൊള്ളുമ്പോള്‍ അവരെ ഒതുക്കിനിര്‍ത്താന്‍ തൊഴിലാളികള്‍ എങ്ങനെ ശ്രമിക്കണം. സോഷിലിസ്റ്റുകളും ബോള്‍ഷവിക്കുകളും തമ്മില്‍ വാക്കേറ്റമുണ്ടായാല്‍ തൊഴിലാളികള്‍ ഏത് നിലപാടെടുക്കണം എന്ന തരത്തില്‍ ലെനിനിസ്റ്റ് ചട്ടകൂടാല്‍ സമീകൃതമായ ചുമരുകള്‍ക്കുള്ളിലെ ഈച്ചയുടെ നീക്കത്തെ പറ്റി പോലും കാണ്ഡം കാണ്ഡമായ് പ്രബന്ധമെഴുതാന്‍ സ്കോപ്പുണ്ട്. ബുദ്ധിജീവികള്‍ക്ക് തഴച്ചു വളരാന്‍ ഇതിലും നല്ലൊരു ചതുപ്പു നിലം വേറെ കിട്ടില്ല. സ്വാഭാവികമായും വര്‍ഗ്ഗ ശത്രുവിനെതിരെ.. ബൊളീവിയന്‍ ഒളിപ്പോരുകളും, വിയറ്റ്നാമിയന്‍ വിപ്ലവവും ആവര്‍ത്തിക്കുന്നത് സ്വപനം കണ്ട് തന്ത്രം മെനഞ്ഞ് വായുവിലെഴുതികൂട്ടി  ഗുണിച്ചും ഹരിച്ചും ബുദ്ധിജീവികള്‍ ഒരു പ്രസ്ഥാനത്തിന്റെ തിരുമുറ്റത്ത്  ഉപദേശക വൃന്ദങ്ങളായി വിരാജിച്ചു... ഒഴിയാ ബാധയായി കൈയ്യേറി കുടിലുകെട്ടി.

പതനത്തിന്റെ ആരംഭം:


പീരങ്കകള്‍ക്ക് നേരെ പായിച്ച വാരിക്കുന്തങ്ങള്‍ വിപ്ലവങള്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ ചങ്കൂറ്റത്തില്‍ സോഷിലിസം നടപ്പാകുമെന്ന് വിമ്പു പറഞ്ഞും സ്വപ്നം കണ്ടും ജീവിച്ചിരുന്നു ടി-ജീവികള്‍ക്ക് മേലേ വന്നുപതിച്ച ആദ്യത്തെ പ്രഹരമായിരുന്നു-  കമ്യൂണിസ്റ്റ് നിരോധനം പിന്‍ വലിക്കല്‍ പ്രഖ്യാപനം.! ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളം അതുവരെ നിരോധിച്ചു കിടുന്ന കമ്മ്യൂണിസ്റ്റുകളുടെ നിരോധനം നീക്കി ഇന്ത്യന്‍ മുഖ്യധാരാ രഷ്ട്രീയത്തിന്റെ ഇന്ദ്രപ്രസ്ഥമായ പാര്‍ലമെന്റിലെത്തിച്ച് കമ്യൂണിസ്റ്റുകളെ വഷളാക്കുക എന്നതായിരുന്നു നെഹൃവിന്റെ കുതന്ത്രം. അതായത് നൈക്സല്‍ ബാരിയായ മകനെ നന്നാക്കാന്‍ പിടിച്ചു പെണ്ണ് കെട്ടിപ്പിക്കുന്ന തന്തമാരുടെ ബുദ്ധി. അതോടെ തീര്‍ന്നോളും അവന്റെ വിപ്ലവം.!


ബുജികളുടെ ഇല്ലത്തിന്റെ മൂലക്കല്ലൂരിയത് വലതുപക്ഷ സാധാജീവികളായ നെഹൃമാരായാരുന്നു. യഥാര്‍ത്ഥത്തില്‍ അവരായിരുന്നു ദീര്‍ഘദര്‍ശികള്‍- മറ്റൊരു ബുദ്ധീജീവികളെയും നമ്മള്‍ അംഗീകരിക്കാറില്ല എന്ന സഹജ ഭാവം കൊണ്ട് നെഹൃവിനെ നമ്മള്‍ ബുജിയായി അംഗീകരിച്ചില്ലാ എന്നേ ഉള്ളൂ.!!



ഒന്നാം ക്ലാസിലുള്ള യാത്രകളും ശീതികരിച്ച ഉറക്കറകളും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കിട്ടുന്ന ആവശ്യത്തില്‍ കൂടുതലുള്ള ശമ്പളവും.. ഒരാള്‍ക്ക് വഷളാവാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട എന്നു പറയാന്‍ ഏ.കെ.ജിയെ പോലെ ജനനേതാക്കളുണ്ടായെങ്കിലും ത്വാത്ത്വികമായ ക്രയവിക്രയത്തിലൂടെയല്ലാത്ത ആ പ്രഖ്യാപനം തങ്ങള്‍ക്കു വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണന്ന് മനസിലാക്കാന്‍ ബുജികള്‍ വൈകിപ്പോയിരുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ അധികാരത്തിനോടുള്ള വെമ്പല്‍ മൂത്ത നേതാക്കന്മാര്‍ക്ക് വേണ്ടി ബുജികള്‍ക്ക് തങ്ങളുടെ തന്നെ ശവക്കല്ലറ കെട്ടിപടുക്കേണ്ട ഗതികേടില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളിയാകേണ്ടി വന്നു. താമസിയാതെ  “ മതം കറുപാണെന്ന“ മാര്‍ക്സിയന്‍ അടിസ്ഥാന സിദ്ധാന്തം..  അധികാരത്തിലേക്കുള്ള പാതയിലെ അവശ്യവസ്തുവായ ഭൂരിപക്ഷമുള്ള   മതാ‍നുയായികളെ തങ്ങള്‍ക്കനുകൂലമാക്കാ‍ന്‍ വളച്ചൊടിച്ചു മതങ്ങള്‍ക്ക് അനുകൂലമാക്കേണ്ടിവന്നു,  അതേ സമയം  ഭൌതികതയിലല്ലാതെ മറ്റൊന്നിലും കമ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കേണ്ടതില്ല എന്ന ലെനിനിന്റെ വിശദീകരണ തത്ത്വം വിഴുങ്ങേണ്ടിയും വന്നു, കൊണ്ടും കൊടുത്തും പിടിച്ചടിക്കിയും പ്രസ്ഥാനത്തിനു വേണ്ടി പോരാടിയ അങ്കചേവകരന്മാരെ അവഗണിച്ചു ജനാധിപത്യമെന്ന തൊഴിത്തിനു പാകമാക്കാന്‍ സിദ്ധാന്തങ്ങളില്‍ വെള്ളം കോരിയൊഴിക്കേണ്ടി വന്നു, തങ്ങളുടെ സിദ്ധാന്തങ്ങളെ തങ്ങള്‍ തന്നെ തള്ളിപറയേണ്ട അവസ്ഥയിലെത്തിയപ്പോള്‍ എഴുത്തും വായനയുമറിയാവുന്ന ഒരു ജനതയ്ക്കു മുന്നില്‍ വാ തുറക്കാന്‍ വയ്യാത്ത സ്ഥിതിയായി.  ഇതില്‍ പരം എന്തു ഗതികേട് വരാന്‍  ബുദ്ധിജീവികള്‍ക്ക് .

കുടിയിറക്കം:


കാലക്രമേണ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിച്ചു തങ്ങളുടെ നേതാക്കന്‍മാര്‍ സമ്പദ്വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തിലിരുന്നു തിന്നുകൊഴുക്കുമ്പോള്‍ മുതല്‍ പല ആക്ടിവിസ്റ്റുകളും യഥാര്‍ത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തിന്നു കൊഴുത്ത ദുര്‍മ്മേദസ്സുകള്‍ പ്രത്യശാസ്ത്ര നിബദ്ധമായ അകം ചുവരുകളില്‍ പലതും തങ്ങളുടെ സ്വൈര വിഹരത്തിനു വേണ്ടി തച്ചുടയ്ക്കാന്‍ തുടങ്ങിയതോടെ.. തങ്ങളുടെ കിനാവിന്റെ മയ്യത്താണ് പൊട്ടിത്തകര്‍ന്നത് എന്ന വാസ്തുത ബുജികള്‍ മനസിലാക്കിയിരുന്നു. അതിനെതിരെ അവര്‍ കലാപങ്ങളും  പ്രതിഷേധങ്ങളുമായി ഒറ്റയായും തെറ്റയായുമിറങ്ങി. ചിലര്‍ റിബലുകളായി പുറത്ത് പോയി. മറ്റു ചിലര്‍ മൌനമാരംഭിച്ചു. പ്രത്യയശാസ്ത്രപരമായ ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടിയ കൊഴുത്ത നേതാക്കള്‍ക്ക്.. തങ്ങള്‍ക്കെതിരെ തിരിയുന്ന ബുദ്ധിജീവികളെ പിടിച്ചു പുറത്തിടുവാനെ കഴിയുമായിരുന്നുള്ളു.



സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും കൊണ്ട് പണിതുയര്‍ത്തി ആജീവനാന്തം പത്തു തലമുറയ്ക്കു പ്രബന്ധവും ലേഖനങ്ങളുമെഴുതി സ്വൈരവിഹാരം നടത്താന്‍ പണിതുയര്‍ത്തിയ നാലുകെട്ടിന്റെ സൈദ്ധാന്തിക ചുമരുകള്‍ തച്ചുടയ്ക്കപെട്ടതോടെ, വലതുപക്ഷ പ്ലാനും ഇടതുപക്ഷപ്ലാനും പ്രത്യക്ഷമായും പരോക്ഷമായും ഒരുപോലെയായപ്പോള്‍ മരുഭൂമികളിലെത്തപ്പെട്ട ഗൈഡുകളുടെ അവസ്ഥയായി അവശേഷിക്കുന്ന ബുജികള്‍ക്ക്. തൊഴില്‍ പരമായി പ്രകൃതി നിര്‍ദ്ധാരണത്തിനനുസൃതമായ അതിജീവനത്തിനു ത്രാണിയില്ലാതെ അവര്‍  നാമാവശേഷമാകുകയായിരുന്നു.

അടിക്കുറിപ്പ്:


തത്ത്വശാസ്ത്രപരമായ അടവുകള്‍ പയറ്റിത്തെളിഞ്ഞ പഴയ സഹയാത്രികരും ഇന്നത്തെ അക്ടിവിസ്റ്റുകളുമായ നീലകണ്ഠന്മാരും, സി.പി ജോണുമാരും, ചെറിയാന്മാരും വര്‍ത്തമാനകാലത്ത് ചാനലുകളിലിരുന്നു നമ്മുടെ  പ്രസ്ഥാനത്തിലെ ബുജികളെ വിഷയാസ്പദമായി വെല്ലു വിളിക്കുമ്പോള്‍...   “ ആവാസവ്യവസ്ഥ“ എന്ന കഠിന പദം ഒന്നു കൊണ്ട് മാത്രം വാസുരേന്ദ്രവാവുമാര്‍ക്ക് എത്ര നാള്‍  പിടിച്ചു നില്‍ക്കാനാവും? ഒന്നുകില്‍ കാല്പനിക വിഷയെങ്ങളെ  “ഉട്ടോപ്യന്‍ നയ വൈകല്യങ്ങളിലേക്ക്“ വഴിതിരിച്ചു വിടാന്‍ ശേഷിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പിള്ളമാരെ  അണിനിരത്തി നേരിടന്‍ പ്രസ്ഥാനം തയ്യാറാകണം. അല്ലെങ്കില്‍ വാമൊഴിവഴക്കത്തിന്റെ ഉടയോനായ വല്ല്യമ്മതുമാ‍രെകൊണ്ട് അവരെ തെറിപറയിക്കണം. എന്നാലെ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയൂ !

---------------------------------------------------------------------------------------


Wednesday, October 21, 2009

ഭാഗ്യദേവത.!




പയ്യന്‍സ് തെമ്മാടിയും താന്തോന്നിയുമാണെന്ന പല്ലവിക്കു പുറമെ… അസാന്മാര്‍ഗ്ഗികന്‍ കൂടിയാണെന്ന് വരുത്തിത്തീര്‍ത്ത ശ്രീമതിയുടെ വക്കീലിന്റെ വാദത്തില്‍ ബഹുരസംതോന്നിയ മജിസ്ട്രേട്ട് ചുറ്റികകൊണ്ട് മേശയടിച്ചുതകര്‍ത്തു ഡൈവേഴ്സ് അനുവദിച്ചുകൊടുക്കുകയായിരുന്നു…. കാലാവധി തീര്‍ന്ന് സ്വമേധയാ ചത്തു പിരിയാനനുവദിക്കാതെ ഒരു ദാമ്പത്യത്തെ ചരടറുത്തു വേര്‍പെടുത്തുകയായിരുന്നു...

എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍-

ബോധം പോകുംവരെയുള്ള സംഭവങ്ങളെപറ്റി വ്യക്തമായ ധാരണ എനിക്കുണ്ട്. അത് താഴെക്കൊടുക്കാം. തര്‍ജ്ജിമ വായിച്ചു മാന്യ വായനക്കാരന്‍ എനിക്കുവേണ്ടി സുപ്രീം കോടതിയില്‍ അപ്പീലിനു പോവുംന്നുള്ള വ്യാമോഹമല്ല എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്. മനസാക്ഷിക്ക് കിടക്കപ്പൊറുതി കൊടുക്കാതെ ഉള്ളില്‍ കിടന്ന് അലമുറയിടുന്ന സത്യം കീബോര്‍ഡില്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്നതുകൊണ്ട് മാത്രമാണ്.

‘കവിഞ്ഞുവന്നാല്‍ ഇന്ന് പാതിര.. എന്നിട്ടും കൂട്ടാക്കാതായാല്‍ നാളെ വൈകുന്നേരത്തിനുള്ളില്‍.. വൈദ്യശാസ്ത്ര മുറപ്പടി ജാനുവല്ല്യമ്മ കാലയവനികപൂകും, അതല്ല വിധിയെ തടുക്കാനാണ് തള്ളേടെ ഭാവമെങ്കില്‍ യവനികപൊക്കിയകത്തിടുന്ന കാര്യം ഞാനേറ്റു” എന്ന് ഡോക്ടര്‍ കൊടുത്ത വാക്കിനുപുറത്ത്… എലത്തൂരെ ഭാര്യവീട്ടില്‍ ഡോബര്‍മാനു കട്ടയ്ക്കുകട്ട ജീവിക്കുന്ന ജാനുവല്ല്യമ്മേടെ മൂത്തമകന്‍ സുരേന്ദ്രട്ടനെ അനുനയിപ്പിച്ചു, വല്ല്യമ്മ അരങ്ങോഴിയാന്‍ കാത്ത് കിടക്കുന്ന വേദിയായ അവരുടെ തറവാട്ടിലേക്ക് കൂട്ടികൊണ്ടുവരാന്‍ അപ്പന്‍ എന്നെ നിയോഗിക്കുകയായിരുന്നു.- അവിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

25 കിലോമീറ്റര്‍.. ടൌണീന്ന് ഇരുപത് മിനുട്ടെടുക്കും എലത്തൂരെത്താന്‍. അത്രക്കത്ര തിരിച്ചിങ്ങോട്ടും. ശുഭയാത്ര കാളവണ്ടിക്കാണെങ്കില്‍ പിന്നേം കൂടും സമയം.

കഴിയാവുന്നത്ര സ്പീഡില്‍ എലത്തൂരെ വീടെത്തി കതക് ചവിട്ടിപ്പൊളിച്ച് സുരേന്ദ്രേട്ടനെ വിവരമറിയിച്ച് എന്റെ ബൈക്കില് തന്നെ കൂടെ കൂട്ടുക എന്നത് തന്നെയായിരുന്നു ഈയുള്ളവന്റെ പ്രഖ്യാപിത ലക്ഷ്യം. അവിടെക്ക് ലാക്കാക്കി വണ്ടി കുതിച്ചു.. സിഗ്നല്‍ കാത്ത് കിടക്കുന്ന പ്രാണനോടുള്ള അനുകമ്പമൂത്ത് ലക്ഷ്യം എഞ്ചിനെ സാധൂകരിച്ചു, കരിഞ്ഞ എഞ്ചിന്റെ പ്രതികാരം ഭയന്ന് ചക്രം റോഡുതൊടാതെ പാഞ്ഞു. സ്പീഡോമീറ്റര്‍ സൂചി അതിര്‍ത്തികുറ്റി പൊട്ടിച്ച് വല്ല്യക്കത്തിനെ പലതവണ വലംവെച്ചു. എണ്ണല്‍ സംഖ്യകളില്‍ ചിലത് തലചുറ്റി വീണു.

പത്ത് കിലോമീറ്റര്‍ തികച്ചോടിയില്ല. എന്നുവെച്ചാല്‍ അമ്മാത്തെത്തിയതുമില്ല എന്നാല്‍ അന്ത്രുമാന്റെ പീട്യ വന്നെത്തുകയും ചെയ്തു എന്നു സാരം. ഞാന്‍ ബൈക്കവിടെ ഒതുക്കി നിര്‍ത്തി. ഇനി കുറച്ച് നേരത്തേക്ക് ബൈക്കിനൊരാശ്വാസംകിട്ടാന്‍ പുക ഞാന്‍ വിട്ടുകളയാം എന്ന ചിന്തയില്‍ ഒരു സിഗരറ്റു വാങി ഒരറ്റത്തു തീക്കൊളുത്തി നില്‍ക്കുമ്പോഴുണ്ട് നമ്മുടെ സുമതി ഉടുത്തൊരുങ്ങി ബസ് സ്റ്റോപ്പില്‍.!

ഒരു സ്ഥിരം പെണ്ണിനെ അനുവദിച്ചു കിട്ടി എന്നഹങ്കാരത്തില്‍ പരസ്ത്രീകളെ അവഗണിച്ചുവിടുന്നത് മാന്ന്യന്മാര്‍ക്ക് ചേര്‍ന്നതല്ലല്ലോ എന്നു കരുതി ഞാനവളുടെ അടുത്തേക്ക് ചെന്നു. എന്നെക്കണ്ടതും അവള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചില്ലായെന്നേയുള്ളു..

ഹല്ല… ഇതാരായിതപ്പാ… ഞാനാരെയായിക്കാണുന്നെ.!- ചോദിച്ചാല്‍ ഉത്തരം കൊടുക്കുന്ന വിധത്തില്‍ പരിസരത്തെങ്ങും അപ്പനില്ലാത്തതിനാല്‍ ലവളുടെ ചോദ്യം എന്നോട് തന്നെയെന്ന് ഊഹിക്കുകയായിരുന്നു ഞാന്‍

വീട്ടീന്നിറങ്ങിയപ്പോള്‍ ഞാന്‍ തന്നെയായിരുന്നു..

ഫലിതം കേട്ടില്ലാന്നു നടിച്ചു അവള് കിണുങ്ങി:

നീ മിണ്ടെണ്ട. കല്ല്യാണത്തിനു വിളിക്കാത്ത ദുഷ്ടാ.

സോറിയെടീ.. ക്ഷണിക്കാന്‍ നിന്റെ വീട്ടിലേക്ക് വരാനിരുന്നതായിരുന്നു ഞാന്‍. പക്ഷേ അതിനിടെ കുറെ തെരക്കില്പെട്ടു ഞെരുങ്ങിപ്പോയി.. ക്ഷമി.- സ്നേഹം മൂത്ത് തെറിവിളിക്കാനുള്ള അവകാശം കുടിയന്മാരിലും സുഹൃത്തുക്കളിലും നിക്ഷിപ്തമായിരിക്കേ ‘ദുഷ്ടാ‘ വിളിയില്‍ പിടിച്ചു തൂങ്ങാന്‍ ഞാന്‍ മെനക്കെട്ടില്ല.

വേറെ നുണ സ്റ്റോക്കില്ലേ? ഒന്നു പോടെ..! എന്തായാലും ശരി എനിക്ക് ചെലവ് തന്നേ പറ്റൂ.

തറവാട്ടില്‍ പിറന്ന പെങ്കുട്ട്യേള്‍ക്ക് ആണൊരുത്തന്‍ തന്റെ മുന്നില്‍ ആയുധം വെച്ചു അടിയറവുപറയുമ്പോള്‍ മനസ്ഥാപമുണ്ടാകുമെന്ന സമ്പ്രദായത്തെ കണക്കിലെടുത്തു ഞാന്‍ പറഞ്ഞു:- ശരി. ഓക്കെ സമ്മതിച്ചു. ദാ ഈ നിമിഷം മുതല് എപ്പൊ വേണേലും ഞാന്‍ റെഡി.

ന്നാ ഇപ്പൊതന്നെ പോവല്ലേ. ഞാനൊരു സിനിമയ്ക്കിറങ്ങിയതാരുന്നു… ഭാഗ്യദേവതയ്ക്കു. കമ്പനിക്കാരെയും കിട്ടീല്യാരുന്നു. അതെനി നിന്റെ വകയായിക്കോട്ടെ,. ഇരുട്ടാവാന്‍ നേരം ബാക്കിയുണ്ട്ങ്കില് തിന്നു മുടിക്കലുമാവാം.- സുമതി തറവാട് പൊളിച്ചടുക്കി.!

ചക്രമെനിയുമുരുളും... തീവരും പുകവരും മരണംവരും..
അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം


ഓക്കെ- കാലത്തിന്റെ ഗതി ആര്‍ക്കറിയാന്‍ കഴിയും. വിനോദനികുതി കൂടാം, പൊറോട്ടയ്ക്കും കോഴിക്കും പാമോയിലിനും വില ഇരട്ടിയാകാം, പെട്രോളിന്റെ തീരുവ വര്‍ദ്ധിക്കാം ..ഇന്ന് പത്ത് കൊണ്ടൊതുങേണ്ട വിപത്ത് നളെ ഇരുപതു കൊടുത്താലുമൊതുങ്ങില്ല എന്ന സ്ഥിതിവരാം. സോ ബാധ്യതകള്‍ നീട്ടിവെക്കുന്നത് ശരിയായ ഏര്‍പ്പാടല്ല. കണക്കുകള്‍ അപ്പപ്പോ തീര്‍ക്കുകതന്നെ. മാത്രമല്ല മരണം ദിനമ്പ്രദി സംഭവിക്കുന്ന മാരണമാകുന്നു..എന്നാല്‍ ബാധ്യതകള്‍ അതോടെ അവസാനിക്കില്ല. പലിശയടക്കം അടുത്ത തലമുറയ്ക്കുമേല്‍ കൂനിന്മേല്‍ കുരുവായ് ഭവിക്കും. അതുകൊണ്ട് സുമതിയെന്ന ഭവതിയുടെ വരവ് ചെലവ് കണക്ക് കയ്യോടെ തീര്‍ക്കേണ്ടതാകുന്നു.

സുമതിയേയും പിന്നില്‍ കയറ്റി ബൈക്ക് ഞാന്‍ വന്ന വഴിക്ക് തിരിച്ചു ടൌണിലേക്ക് വെച്ചലക്കി.. കൃതകൃത്യാനന്തര ബാഹുല്യം എന്നെ പിടിച്ചു പുറകോട്ട് വലിക്കുന്നത് കൊണ്ടാണോ എന്തോ അക്സിലേറ്റര്‍ അകാവുന്നത്ര പിടിച്ചു തിരിച്ചിട്ടും വണ്ടിക്കു സ്പീട് കൂടാന്നില്ല എന്നൊരു തോന്നല്‍, വെറും തോന്നല്‍.!

അവസാന ശ്വാസം വലിക്കാനിരിക്കുന്ന ജാനുവല്ല്യമ്മയെ സുരേന്ദ്രേട്ടനല്ല ഡോക്ടര്‍ വല്ല്യത്താന്‍ വിചാരിച്ചാലും ഇനി രക്ഷിക്കാനാവില്ല എന്നാല്‍ പ്രതിസന്ധിയിലകപ്പെട്ട മലയാള സിനിമയെ തല്കാലം ഞാന്‍ വിചാരിച്ചാല്‍ രക്ഷിക്കാനാവും.. എന്ന സുമതിക്ക് പുറമെയുള്ള മനസാക്ഷിയുടെ പ്രലോഭനം കൂടിയായപ്പോള്‍ പിന്നോട്ടു തിരിച്ച എക്സിലേറ്റര്‍ ഏതായാലും പിന്നോട്ട് തന്നെ എന്ന് ഞാന്‍ കരുതി… ഇക്കുറി വണ്ടി നല്ല സ്പീഡില്‍ തന്നെ നീങ്ങുകയായിരുന്നു…. രണ്ടും ചക്രങ്ങളും അന്യോന്യം മത്സരിച്ച്.. ഇതിനിടെ വന്നുപെട്ട ഇരഞ്ഞിപ്പാലം സിഗ്നലൊന്നും ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു പച്ചനിറമുള്ള സിറ്റി ബസ് മുന്നിലൊരു നിഴല്പോലെ കുറുകെവന്നത് എനിക്കോര്‍മ്മയുണ്ട്….. പിന്നൊന്നും ഞാനറിഞ്ഞിരുന്നില്ല. സത്യം.!.

ബോധം വന്ന് ആശുപത്രിയില്‍ കിടക്കുന്നവസരത്തിലേ എന്തോ ഒരു പന്തികേടു എനിക്കനുഭവപെട്ടിരുന്നു., എന്തോ ഒരാപത്ത് റെയിവെ ക്രോസിങ്ങില്പെട്ടു ബ്ലോക്കായി നില്‍ക്കുന്ന പോലെ.. വാര്‍ഡിലിരുന്നു ഒരേ പത്രം തന്നെ രാത്രിയാവുംവരെ പലവുരു വയിച്ച് അപ്പന്‍ കാണാപാഠം പഠിക്കുകയല്ലാതെ എന്നോടൊന്നും സംസാരിക്കുന്നില്ല, ചോദ്യങ്ങള്‍ക്കുത്തരമില്ല. അമ്മയുടെ കഥയും തഥൈവ. ഞാനിടിച്ചിട്ട ബസിന്റെ ഓണര്‍ ഇവരാണോയെന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ പാകത്തിനായിരുന്നു അവരുടെ പെരുമാറ്റം. ഭാര്യയെ പരിസരത്തെങ്ങും കാണാനില്ല!

ഏകദേശം രണ്ടാഴ്ചകഴിഞ്ഞു അഭ്യാസത്തിനിടെ ഷോക്കേറ്റു മരിച്ച ഗുസ്തിക്കാരന്റെ പരുവത്തില്‍ വീല്ചെയറില്‍ വീട്ടിലേക്ക് വന്നപ്പോഴും കാലാവസ്ഥ മൂടികെട്ടിയ അവസ്ഥയില്‍ തന്നെ, വായനക്കാരനൊരാശ്വാസം നല്‍കാന്‍ പോലുമുള്ള മറ്റമില്ല.!. പരസഹായമില്ലാതെ അനക്കാന്‍ പറ്റുന്ന അവയവമിളക്കി ഞാനവളെ നോക്കെത്താ ദൂരത്തോളം പരതി, കണ്ണിണകൊണ്ട് കടുകു വറത്തു. അഭ്യന്തരഘട്ടത്തില്‍ ഭര്‍ത്താവിനെ പരിചരിക്കാനും ശ്രുശ്രൂഷിക്കാനും കടമയുള്ള ലവളിതെവിടെ പോയിരിക്കുകയായിരിക്കും.? ഇനി ചിലപ്പോ കോത്താഴത്തെങ്ങാനും..

ഏതായാലും ഇങ്ങനെ വിട്ടാല്‍ പറ്റില്ല. നിജസ്ഥിതി ചോദിച്ചറിയുകതന്നെ. - സ്വന്തം ഭാര്യ എവിടെപ്പോയിരിക്കുകയാണെന്ന് അറിഞ്ഞിരിക്കണ്ടെത് ഉത്തരവാദിത്തപെട്ട ഒരു ഭര്‍ത്താവിന്റെ കടമയാണല്ലോ.! ഉച്ചയ്ക്കു ഗുളികയുമായ് വന്ന പെറ്റ തള്ളയ്ക്കുമുന്നില്‍ അവശേഷിക്കുന്ന സമ്പാദ്യമായ നാണവും കളഞ്ഞ് ഞാനവളുടെ കാര്യം തിരക്കി.

മുഖം വീര്‍ത്ത-അമ്മ, അപ്രത്തമ്മയുടെ ഇടവലക്കാരി ഒന്നും മിണ്ടാതെ മുറിവിട്ടുപോയി.. ഒരു കവറുമായ് തിരികെവന്നു അതെന്റെ ബെഡ്ഡിലേക്കിട്ടു മൌന വ്രതംത്തിനു ഭംഗം വരുത്താതെ അടുക്കളയിലേക്കെങ്ങാനും ആയിരിക്കണം അമ്മ പോയി. കിടന്ന കിടപ്പിലായതിനാല്‍ കൃത്യമായ് എങ്ങോട്ടാണെന്ന് പറയാന്‍ എനിക്ക് കഴിയില്ല. അമ്മയുടെ പോക്ക് ഇവിടെ പ്രസ്ക്തമല്ലതാനും. അല്ലെങ്കിലും അമ്മ എങ്ങോട്ടെങ്കിലും പോട്ടെ. അതല്ല പ്രശ്നം.. ഭാര്യ പോയതാണ്.

ഒരു ക്യൂബന് സിഗാറിനു തിക്കൊളുത്തി പുകയുടെ പശ്ചാത്തലത്തില്‍ ആ കവറ് തുറന്നപ്പോ അതില്‍ ലവളുടെ വക്കീലിന്റെ ഇണ്ടായാസിയിരുന്നു- ഡൈവേഴ്സ് നോട്ടീസ്.! എന്നെ പിരിയണം പോലും, കയറു പിരിയുന്ന പോലെ..

എന്ത് കുറ്റത്തിനു? അതിനു ഞാനെന്ത് ചെയ്തു? എനി ചിലപ്പോ സുരേന്ദ്രേട്ടന്‍ കൃത്യസമയത്തെത്താതില്‍ ദേഷ്യം വന്ന് ജാനുവല്ല്യമ ഡോക്ടറെ ധിക്കരിച്ച് ചത്തിട്ടില്ലായിരിക്കുമോ? എങ്കില്‍തന്നെ ചാവിനു കൂട്ടുനില്‍ക്കാത്തത് ഒരു കുറ്റമാണൊ? അതുമല്ലെങ്കില്‍.. എന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന സുമതിക്ക് വല്ലതും പറ്റിയിട്ടുണ്ടാവുമോ? അത്യാസന നിലയില്‍ കിടന്ന് അവള്‍ കുമ്പസാരിച്ചുകാണുമോ? അങ്ങനെയെങ്കില്‍തന്നെ അതിലെന്ത് തെറ്റ്. അഭലകളും അശരണരുമായ തന്റെ വര്‍ഗ്ഗത്തിനു സ്വന്തം ഭര്‍ത്താവ് ചെയ്ത സഹായമോര്‍ത്ത് ശ്രീമതി ശീലാവതി എന്നെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്.! കാര്‍ഷിക ലോണെടുത്തു കടം തിരിച്ചടക്കാത്ത അവളുടെ അപ്പനടക്കുമുള്ള ആളുകള്‍ തന്റെ മുന്നില്‍ കട്ടകുത്തി നിവര്‍ന്നു നില്‍ക്കുമ്പോള്‍.. വീണ്‍വാക്കിന്റെ കടം തിര്‍ത്ത മാന്യനയോര്‍ത്ത് അഭിമാനിക്കുകയല്ലേ ചെയ്യേണ്ടത്? ഡൈവോഴ്സാണോ ചെയ്യുക.! ദൈവമേ.. പരസഹായവും അനുകമ്പയും ഈ കപടലോകത്ത് മറ്റുള്ളവരുടെ ശത്രുത നേടിത്തരുന്നുവോ ?

ഇനി മറ്റുവല്ല കാരണങ്ങളും. ഏയ്..ചെ ഛെ.

അന്തരീക്ഷത്തിലേക്ക് ആത്മഗതമായ് ഞാന്‍ തൊടുത്തുവിട്ട ചോദ്യങ്ങളും ഉപചോദ്യങ്ങളുമൊക്കെ ചുമരില്‍ തട്ടി പ്രകമ്പനം കൊണ്ടു ബള്‍ബുകള്‍ പലതുമുടഞ്ഞുവീണു. പ്രകാശമായ് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളൊക്കെ വീട്ടുകാര്‍ തെരപ്പിനിടയി പത്രം വായിച്ചു കേള്‍ക്കുന്ന ബീഡിത്തൊഴിലാളികളെപ്പോലെ കേട്ടു എന്നുമാത്രം. ആരും ഒന്നും മിണ്ടിയില്ല.

ഒന്നനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാനെനി എന്തു ചെയ്യാന്‍.! വിധിയെ ഇടതൂര്‍ന്നു രോമം വളര്‍ന്നു പൊതിഞ്ഞിരിക്കുന്ന നെഞ്ചും വിരിച്ച് നേരിടുക തന്നെ, അങ്കം അടുത്തമാസം കോടതിയില്‍ വെച്ച് കാണുകതന്നെ –ഞാനുറപ്പിക്കുകയായിരുന്നു.

അവനവന്റെ ഓര്‍മ്മകളെ വിശ്വസിക്കാന്‍ കൊള്ളാമെങ്കില്‍ ഇത്രയൊക്കെയെ നടന്നിട്ടുള്ളു. ഇതാണ് വാസ്ഥവം. ഇത് തന്നെയാണ് പരമമായ സത്യം. ഇതില്‍ക്കവിഞ്ഞ് മറ്റൊരു സത്യം ഇല്ലതാനും.

ഇനി പറയുന്നത് കഥയാണ്.

[കോടതിയില്‍ വെച്ച് വക്കീല് പറഞ്ഞു കേട്ട അറിവേ എനിക്കുള്ളു. പ്രസ്തുത സംഭവത്തില്‍ ഞാന്‍ ദൃക്സാക്ഷിയല്ല.!.]

എന്തായാലും ശരി അപബോധമനസിന്റെ നേര്‍വികാരങ്ങളെ വിശ്വാസത്തിലെടുത്തു കോടതി എന്നെ തുമ്പില്ലാണ്ടാക്കുകയായിരുന്നു..

സംഭവം ഇങ്ങനെയായിരുന്നത്രെ:

അവിടിവിടെയായി മൂന്നാലു ഓപ്പറേഷനൊക്കെ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാവിലെ എന്നെ ഐ.സി.യൂന്ന് റൂമിലേക്ക് മാറ്റുമ്പോള്‍ അനസ്തീഷ്യയില്‍നിന്നു മുക്തനായി പൂര്‍ണ്ണബോധം വന്ന് കണ്ണു തുറന്നിട്ടില്ലായിരുന്നുവത്രെ. ഒരുതരം മയക്കം, അബോധാവസ്ഥ., ബോധമുണ്ടായാലും ഇല്ലെങ്കിലുമൊക്കെ എന്റെ പേരുപറഞ്ഞ് നെഞ്ചത്തടിച്ചകരയാന്‍ ലൈസന്‍സുള്ള ഭാര്യയ്ക്കും അമ്മയ്ക്കും പുറമെ സമന്തക്കാരും ഇടവലക്കാരുമെല്ലാം ശ്വാസമടക്കി ഉമിനീരിറക്കാതെ കലങ്ങിയ കണ്ണും കുതിര്‍ന്ന മൂക്കുമായ് രാവിലെ മുതല്‍ പ്രിയപ്പെട്ടവനു ബോധം വരുന്നതുംകാത്ത് ഞാന്‍ കിടക്കുന്ന കട്ടിലിനു ചുറ്റും നില്‍ക്കുകയായിരുന്നു പോലും..

ഉച്ചയായപ്പൊ ഡോക്ടര്‍ വന്ന് എന്തൊക്കെയോ കുത്തിവെച്ച് എന്നെ വിളിച്ചുണര്‍ത്തിയിട്ട് ചുറ്റും നില്‍ക്കുന്നവരെ കാണിച്ചു ചോദിച്ചത്രെ:

ഇവരൊക്കെയാരാന്ന് പയ്യനു മനസിലായോന്ന്.

പതുക്കെ കണ്ണ് മിഴിച്ചു ഒന്നുമുരിയാടാതെ “റ“ ആകൃതിയില്‍ ഇടതുഭാഗത്ത് നിന്നു തുടങ്ങി.. എന്നെ കൊതിതീരെ കാണാന്‍, ഞാന്‍ പ്രിയപെട്ടവരെ തിരിച്ചറിഞ്ഞു സംസാരിക്കുന്നത് കേള്‍ക്കാന്‍ പഴുതടച്ച് കട്ടിലിനു ചുറ്റും കൂട്ടംകൂടി നില്‍ക്കുന്ന ഉറ്റവരുമുടയവരുമടക്കമുള്ള ഓരോരുത്തരുടെയും മുഖത്ത് മാറിമാറി നോക്കിയ ശേഷം തല പൂര്‍വ്വസ്ഥാനത്തെത്തിച്ച് തലയ്ക്കൂത്തല്‍ നില്‍ക്കുന്ന ഡോക്ടറെ നോക്കി ഇടറുന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചുപോലും..

സിസിലി നേഴ്സ് ഇന്ന് ലീവാണോന്ന്.!!


---------------------ശുഭം------------------------

Saturday, October 3, 2009

ഉത്തമ സാധാരണ ഗുണിതം- അഥവാ ഉസാഗു.

ചപ്പാത്തിക്കു പുറമെ ഉച്ചയ്ക്കു ബാക്കിവന്ന ചെമ്പാവരിയൂടെ ചോറ് തൈരും കണ്ണിമാങ്ങാ അച്ചാറും കൂട്ടി അത്താഴമുണ്ട് നിറഞ്ഞപ്പോള്‍ മസ്കറ്റ് നായര്‍ കുമാറണ്ണന് പതിവുപോലെ ഉള്‍വിളിയുണ്ടായി. ബെഡ്രൂമില്‍ കയറി വാതിലുചാരി കട്ടിലിന്റെ ഹെഡ്ബോര്‍ഡില്‍ തലയണ വെര്‍ട്ടിക്കലാക്കിവെച്ചുകൊണ്ട് ഗ്യാപ്പടച്ച് ചാരിയിരുന്നു . ജനാലപ്പടിയില്‍ വെച്ചിരുന്ന സിഗരറ്റു പാക്കറ്റില്‍നിന്ന് ഒരു സിഗരറ്റെടുത്തു ചുണ്ടെത്തുവച്ചു മറ്റേത്തലയ്ക്കു തീക്കൊളുത്തി, കനലിന്റെ ആ‍ളലിനനുസൃതമായ് പുക റൂമില്‍ തലങ്ങും വെലങ്ങും പാഞ്ഞു. ഒരു വീര്‍പ്പു പൊക ഒറ്റ ശ്വാസത്തിനകത്തേക്കു വലിച്ചു, അത്രക്കത്ര പുക ശിഷ്ടം വെക്കാതെ പുറത്തേക്കും തള്ളി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.! അന്തരീക്ഷം പുകാവൃതമായപ്പോള്‍ മുറിയിലേക്ക് കയറി വാതിലിനു കുറ്റിയിടുന്ന ശ്രീമതി പത്മാവതിയെ കട്ടപ്പൊകയുടെ പശ്ചാത്തലത്തില്‍ കണ്ടപ്പോള്‍ ടി-യാനു നൈറ്റിയിട്ട അപ്സരസ്സിനെ പോലെ തോന്നി. ഉം... നല്ലോണം പൊകച്ചു വിട്ടോ മനുഷ്യാ.. മണത്തിറ്റങ്ങ് മുറീലേക്ക് കാരാന്‍ വയ്യ. കുമാറണ്ണന്‍ അതു ശ്രദ്ധിച്ചില്ല. സിഗരറ്റ് കുറ്റിയാക്കുന്ന യജ്ഞം തുടര്‍ന്നുകൊണ്ടേയിരുന്നതിനിടയില്‍ ശ്രീമതിയുടെ അക്ഷേപം കേട്ടില്ലാന്നു നടിച്ചു. ഇങ്ങള് നന്നാവൂല.. ഉം. അതേയ്.. വലിക്കുന്നോര്‍ക്കല്ല തകരാറ്. വലിക്കോന്നോര്‍ക്ക് ഇരുപത് ശതമാനം മാത്രമെ ബാധിക്കുള്ളു. ചുറ്റുമിരുന്നു പുക ശ്വസിക്കുന്നോര്‍ക്കാണ് ബാക്കി എന്‍പത് ശതമാനവും എഫ്ക്ടാകുന്നത്. എന്നാ ഇനി മുതല്‍ നീ വലിച്ചൊ, എണ്‍പത് ശതമാനം ഞാനെടുത്തോളാം. അല്ലെങ്കിലും കാശ്മുടക്കി വലിക്കുന്നവനെ ഏമ്മാത്തുന്ന ഏര്‍പ്പാടാണ് നാട്ടില്‍ പരക്കെ. കിക്കിക്കിക്കി.., അല്ലാ.. ഈ കുന്തം വലിച്ചു കേറ്റീട്ട് എന്തോന്നാ ഇങ്ങക്കൊക്കെ കിട്ടുന്നേ ? പൊക. ഉവ്വോ? - ശ്രീമതി വാതിലു തുറന്നു പുറത്തുപോയി.. ആ നിമിഷം മുതല്‍ ടി-യാനെ നന്നാക്കാന്‍ വാമഭാഗം ഒരുമ്പെട്ടിറങ്ങുകയായിരുന്നു. പുതിയലക്കം വനിതാ മാഗസിനുമായ് തിരികെ വന്ന് വതിലടച്ച് കുറ്റിയിട്ടു പ്രമാണം കിടക്കയിലേക്കിട്ടുക്കൊണ്ട് പറഞ്ഞു: ദാ വായിച്ചോക്ക്. എന്തോന്ന് വായിക്കാന്‍? പുകവലികൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, ആ ലേഖനം വായിച്ച്വോക്ക്. പുസ്തകമെടുത്തു താളുകള്‍ മറച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ചോദ്യോത്തര കോളമെത്തിയപ്പോള്‍ ഇനി പുകയാന്‍ ഫില്‍ട്ടര്‍ മാത്രമശേഷിക്കുന്ന സിഗരറ്റ് ആസ്ട്രെയില്‍ കുത്തിക്കെടുത്തി ടി-യാന്‍ വായിക്കാനായി ബുക്ക് നെടുകെ മടക്കി. ശ്രീമതി വിലക്കി: അതല്ല. മുന്നേയുള്ള പേജ്. പുകവലിയെപറ്റിയുള്ള... തുപ്പലുകൂട്ടി പേജ് മറിച്ചിട്ടു അനുസരണയുള്ള ഭര്‍ത്താവ് ഭാര്യയെ അക്ഷരംപ്രതി അനുസരിച്ചു. ഹെഡ്ഡിങ്ങിലേക്കൊക്കെ ഓടിച്ച് വായിക്കുന്നതിനിടയില്‍ ആര്‍ക്കമെഡീസിനെപ്പോലെ കുമാറണ്ണന്‍ വിളിച്ചു കൂവി: വെറും നുണ. മാധ്യമ സിന്ധിക്കേറ്റ്.. എന്തോന്ന് സിന്ധിക്കേറ്റ്? ബെഡ്ഡില്‍ കയറിയിരുന്ന് ബുക്കിലെ ഒരു കോളത്തിലെക്ക് വിരല്‍ ചൂണ്ടി പട്ടമഹര്‍ഷി വിവരിച്ചു: ദാ നോക്ക്.ഒരു ചെയിന്‍ സ്മോക്കര്‍ക്ക് പുകവലിക്കാത്ത ഒരു ശരാശരി മനുഷ്യനെക്കാള്‍ പത്ത് വര്‍ഷം കുറവെ ആയുസ്സുണ്ടാകൂ എന്ന്. അത് മാത്രമല്ല.. പുകവലിക്കാര്‍ അതിനായ് ചെലവാക്കുന്ന തുക മിച്ചം വെച്ചാല്‍ അവസാന കാലത്ത് ബാങ്ക് ബാലന്‍സില്‍ ഒരു മാരുതി കാറിനുള്ള കാശ് മിച്ചം കാണും എന്ന്. ഒരുവിധപ്പെട്ട ഊസാഗയും ലാസാഗുവുമെക്കെ പത്തിയും മടക്കി കൈകെട്ടി ഓച്ചാനിച്ചു നിക്കുന്ന തന്റെ മുന്നിലാണ്.. ഒരു പുറട്ട് മാസികയുടെ ലേഖനവും അപഗ്രന്ഥിച്ചു ലവള്‍ കണക്കില്‍ പയറ്റുന്നത്.. എടീ.. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമറിയാത്ത ഒരു ലേഖകനും അതിനു ഓശാനപാടാന്‍ നിന്നെപ്പോലുള്ള വിവര ദോഷികളും.. കളി എന്നോട് നടക്കില്ല. കണക്കൊക്കെ പഠിച്ചിട്ട് തന്നെയാ ഞാനും ഇത്രയെക്കെയെത്തിയത് .! അതില്‍ പറഞ്ഞതില്‍ എന്താ തെറ്റ്.. കണക്കൂട്ടി നോക്ക്- ലേഖനത്തിന്റെ ചുവട്പിടിച്ച് ശ്രീമതി കണവനെ വെല്ലുവിളിച്ചു. ന്നാ കൂട്ടിക്കൊ...: ചൂണ്ടു വിരലുകൊണ്ട് വായുവിലെഴുതിക്കൂട്ടുന്ന മനക്കണക്കെന്ന ലാഘവത്തോടെ കുമാറണ്ണന്‍ പട്ടമഹര്‍ഷക്കു മുന്നില്‍ തന്റെ ഗണിതശസ്ത്രം നിരത്തി: ശരാശരി മാസം 5000 രൂപ ജീവിത ചിലവ് വെച്ച് ഒരാള്‍ക്ക് പത്ത് വര്‍ഷം ജീവിക്കാന്‍ എത്ര ഉറുപ്പിക വേണം? ആറ് ലക്ഷം: ശ്രീമതിക്ക് കണക്കില്‍ പിഴയ്ചില്ല. ദിവസം.. 20 രൂപായുടെ ഒരു പേക്ക് സിസര്‍ ഫില്‍ട്ടര്‍ എന്ന കണക്കില്‍ 70 വര്‍ഷം ഒരാള്‍ക്ക് വലിച്ചെടുത്തു തള്ളാന്‍ പാകാത്തിനു പുകയ്ക്കു എന്ത് ചെലവാകും? ബെഡ്ഡില്‍ കിടന്ന മാസികയുടെ ബാക്ക് കവറില്‍ എഴുതിക്കൂട്ടി ഭാര്യ പറഞ്ഞു: അഞ്ച് ലക്ഷത്തി നാലായിരം. കിറുക്രിത്യം.! ലവളെ ആ ഇരുപ്പില്‍ത്തന്നെ കെട്ടിപിടിക്കണമെന്ന് തോന്നി ടി-യാനു.!കണക്കില്‍ ശിഷ്ടം ബാക്കി നിക്കുന്നതിനാല്‍ ശ്രമം പിന്നെയ്ക്കു മാറ്റിവെച്ച് കുമാറണ്ണന്‍ നനഞ്ഞ കോഴിയെപ്പോലെ ഒന്നു സടകുടഞ്ഞു നീണ്ടു നിവര്‍ന്നിരുന്നു കണക്കിലേക്ക് തിരിഞ്ഞു: ഡീ.. അപ്പൊ പത്ത് വര്‍ഷം മുന്നേ മരിക്കുന്ന ഒരു പുകവലിക്കാന്‍ അത്രയും വര്‍ഷം കൂടതല്‍ ജീവിക്കുന്ന ഒരു സത്സ്വഭാവിയെക്കാള്‍ തൊണ്ണൂറ്റാ‍റായിരം രൂപം മിച്ചം പിടിക്കുന്നില്ലേ? കണക്കു പ്രകാരം ബാങ്ക് ബാലന്‍സില്‍ മിച്ചമുണ്ടാക്കുന്നത് പൊകവലിക്കാരാണ്.. കണവന്റെ പെരുങ്കണക്കില്‍ പകച്ച പതമാവതി തന്റെ കണ്‍ഫ്യൂഷന്‍ മറച്ചുപിടിക്കാനുള്ള ശ്രമം നടത്തിയില്ല. അല്ലെങ്കിലും ഇയാള്‍ക്ക് മുന്നില്‍ മറച്ചു പിടിക്കാന്‍ മാത്രം തന്നിലെന്ത് അവശേഷിക്കുന്നു എന്ന ചിന്തയായിരിക്കണം.. ശ്രീമതി പറഞ്ഞു: മനസിലായില്ല.. ഒന്നുംകൂടിപ്പറ.. ഭവതിക്കു അഭിമുഖമായി തിരിഞ്ഞിരുന്നു കുമാരെനെന്ന കണക്കനായര്‍ തന്റെ വാദം വിശദമാക്കി: മാസം അയ്യായിരം രൂപാ വെച്ച നൂറ് വര്‍ഷം ജീവിക്കാന്‍ കച്ചകെട്ടിയ പുകവലിക്കാത്ത നിനക്കുവേണ്ടി ബാങ്കില്‍ 60 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്നു വെക്കുക. വെച്ചു. എങ്കില്‍ നൂറാം വയസിന്റെ നെറുകയിലെത്തിയതിന്റെ പിറ്റേന്ന് നിന്റെ എക്കൌണ്ടില്‍ അവശേഷിക്കുന്ന തുക എത്രയായിരിക്കും? ശൂന്യം രൂപ ശ്യൂന്യം പൈസ. അപ്പോ മിച്ചമൊന്നുമുണ്ടാകില്ല. ശരിയല്ലേ? അതിന്റെ പലിശ.. തേങാക്കൊല..! പലിശേടെ കാര്യം വിടെടീ : ഇടയ്ക്കു കയറി കണക്കിന്റെ രസതത്ന്രം പൊളിക്കുന്നതില്‍ കുമാറണ്ണനു ഇഷ്ടപെട്ടില്ല. വിട്ടു. മിച്ചമില്ല. ഇനി.. മാസം അയ്യായിരം രൂപാ വെച്ച് പുകവലിക്കാരനായ എന്റ് പേരില്‍ ബാങ്കില്‍ നൂറുവര്‍ഷം ജീവിക്കാന്‍ വേണ്ടി 60 ലക്ഷം രൂപ ഇട്ടെന്നു വെച്ചോ. വീണ്ടും വെച്ചു. ആരോഗ്യ ശാസ്ത്രപ്രകാരം പുകവലിക്കാരനായ ഞാന്‍ പത്ത് വര്‍ഷം മുന്നെ, തൊണ്ണൂറാം വയസ്സില്‍ മരിക്കുമ്പോള്‍ ബാങ്കില്‍ അവശേഷിക്കുന്ന തുക എത്രയായിരിക്കും? കണക്കില്‍ പിഴയ്ക്കാത്ത ഭാര്യ മൊഴിഞ്ഞു: ങാ.. ഒരാറു ലക്ഷം കാണുമായിരിക്കും.. കാണുമായിരിക്കും എന്നല്ല, കാണും. എന്നാ കണ്ടു: കെട്ട്യോന്റെ കണക്കവതരണത്തില്‍ ശിഷ്ടം കണ്ടു തുടങ്ങിയപ്പോള്‍ ശ്രീമതി മടുപ്പഭിനയിച്ചു. നാട്യം വകവെക്കാതെ കേമന്‍ പാതി കുമ്മാറണ്ണന്‍ തുടര്‍ന്നു: അതേയ്.. അപ്പോ ആറു ലക്ഷം ഞാന്‍ മരിക്കുമ്പോള്‍ ബാങ്കില്‍ അവശേഷിക്കും. എനി ടേണിങ്ങ് പോയന്റ് ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് 20 രൂപാവെച്ച്.. ഇരുപതാം വയസ്സില്‍ തുടങ്ങി തൊണ്ണൂറാം വയസ്സില്‍ ഞാന്‍ മരിക്കും വരെ 70 വര്‍ഷം ചിലവായ തുകയെത്ര? ങാ.. ങോ അല്ല. അഞ്ച് ലക്ഷത്തി നാലായിരം രൂപ. : മടുപ്പഭിനയിക്കുന്ന ഭാര്യക്കു ചാന്‍സ് നല്‍കാതെ ഉത്തരവും ടി-യാന്‍ തന്നെ പറയുകയായിരുന്നു. എന്നിട്ടും കൂട്ടാക്കാതെ താഴെക്കൊടുത്തിരിക്കുന്നതും കൂടി പറഞ്ഞു.. ഞാന്‍ മരിക്കുമ്പോള്‍ ബാങ്കില്‍ മിച്ചമുണ്ടായിരുന്ന ആറ് ലക്ഷം രൂപയില്‍ നിന്ന്.. ഞാന്‍ മരിക്കുംവരെ വലിച്ചു തീര്‍ത്ത സിഗരന്റിന്റെ മൊത്തം വിലയായ അഞ്ചു ലക്ഷത്തി നാലായിരം രൂപ കുറച്ചാല്‍ ബാക്കി തൊണ്ണൂറ്റാറായിരം രൂപ മിച്ചം കാണും. അതായത് പുകവലിക്കാരനായ ഒരാള്‍ മരിക്കുമ്പോള്‍.. ലത് വലിക്കാത്തവരെയപേക്ഷിച്ച് വരും തലമുറയ്ക്കു എന്തെങ്കിലും മിച്ചം വെക്കുന്നു എന്നു സാരം.! ഒന്നും മിണ്ടാതെ ബ്ലാങ്കറ്റ് വലിച്ചെടുത്തു തലമൂടിപ്പുതച്ച് കുമ്പിട്ട് കിടക്കുന്നതിനിടയില്‍ ശ്രീമതി അലറി: ലൈറ്റോഫാക്ക് മനുഷ്യാ.. കണക്കിനിടയില്‍ പ്രകോപനമുണ്ടായെങ്കിലും പിന്നെത്തേക്ക് മാറ്റിവെച്ചിരുന്ന... മറ്റൊരു ദുശ്ശീലത്തിന്റെ തുടര്‍ച്ചയ്ക്കനുവദിക്കാതെ പട്ടമഹര്‍ഷി പഴുതടച്ച് ബ്ലാങ്കറ്റുപുതച്ചതിനാല്‍.. ശ്രമമുപേക്ഷിച്ചു തലയണ തിരശ്ചീനമാക്കി മനുഷ്യന്‍ ലൈറ്റോഫാക്കി അടുത്ത വലി ആരംഭിച്ചു... ഇക്കുറി വലിച്ചത് കൂര്‍ക്കമായിരുന്നു.. -------------------------------------------------------------------------------

Saturday, March 28, 2009

സര്‍ഗ്ഗ വേദന.

“അവളുടെ നാഭീതടത്തിലെ..
മൃദുനീല രോമങളെ തഴുകി-
ഞാന്‍ കിടക്കവേ ലവളുടെ..
ഭര്‍ത്താവ് വന്നെന്റെ കയ്യൊടിച്ചു.“



വായിച്ചു തീരും മുന്‍പെ പവര്‍ക്കട്ട് ബുക്സ് ഓണര്‍ കോര മുതലാളി ചൂടായി; എന്തുവാടേയ് ലത്..?

എന്റെ പുതിയ കവിതയാണ്... പേര് “അടിവയര്‍.‍.“ അത്യന്താധുനികമാണ്... ഇത്തരത്തില്‍ നാപ്പൊത്തൊമ്പതെണ്ണമുണ്ട്. ;ഞാന്‍ പറഞൊപ്പിച്ചു.

എന്നിട്ട് ഒടിവൊന്നും കാണുന്നില്ലല്ലോടേയ്..? അല്ലാ.. അതെന്താ കൊറഞ്യോയ്യേ..? എണ്ണമേയ്...

ഇതെന്റെ അനുഭവമല്ല.! ഈ കാലഘട്ടത്തെപറ്റി ഒരു വിവരണമാണ്...; ബഹുമാനിതന്‍ ഒരുപാടു പുസ്തകങള്‍ വായിച്ചും അച്ചടിച്ചും തള്ളിയ ആളായതിനാല്‍ ഞാന്‍ വിനയപൂര്‍വ്വം ആദ്യചോദ്യത്തിനുമാത്രം ഉത്തരം പറഞു.

അയിന്...?

ഇതൊന്നു അച്ചടിച്ചു പുസ്തകമാക്കിത്തരണം. റോയല്‍റ്റി കൊറച്ച് കൊറഞാലും സാരല്ല്യ.. ;ഇക്കുറി ഞാന്‍ ആഗമനോദ്ധേശം വെളിപ്പെടുത്തി.

ഓഹോ.. അപ്പം ദാരിദ്രമാണ് പ്രശ്നം.! മേലനങി പണിയെടുക്കാന്‍ വയ്യല്ലേ? പ്രാന്തന്‍ കുമാരന്‍ ഉച്ചക്കിറുക്ക് മൂക്കുമ്പോ ഇതിലും നല്ല പൂരപ്പാട്ട് പറയും.... അതൊക്കെ അച്ചടിച്ച് കവിത്യാക്കാന്‍ മെനെക്കെട്ടാ..... മഷി ക്ഷാമമുണ്ടാകും. എനിക്ക് കൊറച്ച് പണീണ്ട്... നീ ഇപ്പോ പോ...

മൊതലാളി അങനെ പറയരുത്.... അധുനികമാകുമ്പോ... അതിനുള്ളില്‍ വളര അര്‍ഥഗാംഭീര്യം ഉണ്ടാ‍യിരിക്കും... മൊതലാളിക്കത് മനസിലാവാഞിട്ടാ. നിര്‍ബന്ധാച്ചാ ഞാന്‍ പറഞ്യേരാം...

ഉവ്വോ..? എവിട്യാ ആ അര്‍ഥ ഗാംഭീര്യത..? ലവളുടെ അടിവയറ്റിന്റെ ഉള്ളിലോ..? ;അസത്ത് മൊതലാളി ഇങനെ പറഞില്ലെങ്കിലേ എനിക്കത്ഭുതമുണ്ടാകുമായിരുന്നുള്ളൂ.

അതല്ല മുതലാളീ.... അധുനികം മനസിലാക്കാന്‍ കുറച്ചു കഴിവ് വേണം. അതിനു പ്രത്യേക പഠന രീതി തന്നെയുണ്ട്...... ഇങള്‍ക്കത് മനസിലാവിഞിട്ടാ എന്നാ ഞാന്‍ പറഞത്. അതിനെ പുച്ചിക്കുരുത്.

സാക്ഷാല്‍ അകായില്‍ മൂത്തനായര്‍ പറഞപോലെ.. അതു കേള്‍ക്കേണ്ട താമസം മുതലാളി കോപം മൂത്ത് കശേരയിലിരുന്നു വിറച്ചു. എന്നിട്ടൊരു ചോദ്യോം...

യോഗ പടിച്ചാ മത്യോടാ..? ഒരുമാതിരിപ്പെട്ട കവികളുടെ ഇണ്ടാസൊക്കെ ഞാന്‍ അച്ചടിച്ചു വിറ്റത്.. വാങുന്നോന് അത് മനസിലാക്കാന്‍ അര്‍ഥശങ്കയില്ല്യാണ്ട് അക്ഷരാഭ്യാസമുണ്ടായാല്‍ മതീന്നുള്ള ധൈര്യത്തിലാ.. എന്നിട്ട് പോലും പകുതിക്കുപകുതി ഇവിടെ ബാക്യാ... അപ്ലാ അവന്റെയൊരു യോഗ...

ഞാന്‍ കേട്ടു നിന്നതേ ഉള്ളൂ.. ഒന്നും ഉരിയാടിയില്ല.

ചൂടാറി തണുത്ത ശേഷം മുതലാളി വീണ്ടും പറഞു:

ഇത്രേം ദൂരം വന്നതല്ലേ... ഞാന്‍ വെഷമിപ്പിക്കുന്നില്ല. ഇഞ് പറ.. ആ അടിവയറ്റിലൊളിപ്പിച്ചുവെച്ച ഗര്‍ഭ രഹസ്യം...

മുതലാളിക്കഭിമുഖമായിരിക്കുന്ന മേശക്കു മുന്നിലുള്ള കസേര വലിച്ചിട്ട് ഞാനവിടെയിരുന്നു. ഹ്ഹൊ.. ഇപ്പൊഴാ ഒരു ആശ്വാസമായത്.. കഥയുടെ ആദ്യപകുതിവരെ നില്‍ക്ക്വായിരുന്നൂന്നു പറഞാല്‍ ഏതെങ്കിലും വായനക്കാരന്‍ വിശ്വസിക്ക്വോ..!

പരാമാവതി ചാരിയിരുന്നു ഞാന്‍ വിവരിച്ചു: അതായത് മൊതലാളി ആ കൃതിയില്‍ ഞാന്‍ വെക്തമാക്കിയ സാരം എന്താന്നുവെച്ചാല്‍.. “പ്രെട്രോളിയത്തിലുള്ള ലക്ഷ്യം വെച്ച് അമേരിക്ക ഇറാക്കിനെ പുണരാന്‍ ശ്രമിച്ചപ്പോള്‍.. അവിചാരിതമായി സാമ്രാജ്യത്ത്വത്തിന്റെ മേലാളന്മാരായ അമേരിക്കയ്ക്ക് പെന്റഗണിന്റെ രൂപത്തില്‍ പ്രതിഷേധക്കാരുടെ കൈയ്യില്‍നിന്ന് അടികിട്ടി എന്നാണ്.” !! കവിതയില്‍ ഞാന്‍ എന്ന ബിംബത്തെ സന്നിവേശിപ്പിച്ചിരിക്കുന്നത് സാമ്രാജ്യത്ത്വമായിട്ടാണ്. !!!

മേല്‍ച്ചുണ്ടിനു താഴേക്കു വളര്‍ന്നു വായിലേക്ക് തൂങിനില്‍ക്കുന്ന സ്വന്തം മീശയെ ചുണ്ടിന്റെ വലത്തേക്കോണില്‍ വെച്ച് കടിച്ചു ഗൌരവപൂര്‍വ്വം ഞാന്‍ ചുവരിലേക്ക് നോക്കിയിക്കവേ.... മുതലാളി മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളമെടുത്തു കുടിക്കുന്നത് ഒരു നിഴലുപോലെ എനിക്ക് കാണാമായിരുന്നു.

വെള്ളം കുടിച്ച് മുതലാളി ഗ്ലാസ് മേശപ്പുറത്ത് വെച്ച രീതി കണ്ടപ്പോ അത് പൊട്ടാതിരുന്നത് ഗ്ലാസിന്റെ ഭാഗ്യമായി ഞാന്‍ കരുതി.

തേങാക്കൊല..!!! കുറച്ച് നിമിഷം നിലമാടിയിരുന്ന മൌനം വെടിഞ് മുതലാളി അലറി.

താങ്കളെപ്പോലുള്ള ആളുകള്‍ നവയുഗ പുരോഗാത്മകകവിതകള്‍ക്കെതിരെ ഇങനെ പ്രതികരിച്ചത് ശരിയായില്ല... പലബുദ്ധിജീവികളും എന്റെ ഈ സൃഷ്ടിയെ അഭിനന്ദിച്ചിട്ടുണ്ട്. ; എന്റെ അമര്‍ഷം വാക്കുകളിലൂടെ പതഞു പൊങി.

ലവന്മാരുടെ കാര്യമിവിടെ മിണ്ടിപ്പോകരുത്.! ഇച്ചിരി ആട്ടിങ്കാട്ടമെടുത്തു പുയിങി കൊടുത്താല്‍ അറിഞോണ്ട് തന്നെ അവറ്റകളു പറയും അതു കൂര്‍ക്കലാണെന്ന്. കാര്യെന്താന്നറിയോ....? അഥവാ എങാനും കൂര്‍ക്കലാണെങ്കില്‍... നമ്മക്ക് കൂര്‍ക്കലെന്താന്ന് അറിഞൂടാലോ എന്ന് ആളുകള് കരുതിയാലോ എന്ന് പേടിച്ചാ.! അതോണ്ട് ആ ക്കളി കോരേന്റെടുത്തു നടക്കൂല മോനെ.

മുതലാളി നിര്‍ബാധം തുടര്‍ന്നു...

അല്ലാ.. അതിരിക്കട്ടെ.. അമേരിക്കേനേം എറാക്കിനേം കൊടച്ചക്രത്തിനെയൊക്കെപിടിച്ച് ഇഞെന്തിനാ ഓളെ അടിവയറ്റിലിട്ട് താങ്യോ..? അതങന തന്ന്യങ് എഴുതിയാല്‍ പോരായിരുന്നോ..?

മേശക്കിപ്പറമിരുന്നു മുതലാളിയോട് അടുക്കാന്‍ പറ്റുന്നതിന്റെ അങേയറ്റമടുത്തുകൊണ്ട് ഞാനാ രഹസ്യം വെളിപ്പടുത്തി; ഇറാക്ക്, അമേരിക്ക, പ്രെട്രോളെന്നൊക്കെ എഴുതിനോക്കുമ്പോ കവിതക്കൊരു ഇമ്പം കിട്ടുന്നില്ല. മാത്രമല്ല യുവാക്കള്‍ക്കും വരട്ട് കെളവന്‍സിനുമൊക്കെ ഇപ്പൊ താ‍ല്പര്യം ഈ മാതിരി ഐറ്റംസിലാണ്.!

എന്നില്‍നിന്നു പിന്‍വലിഞ് ചാരിയിരിക്കുന്നതിനിടയില്‍ മുതലാളി പറഞു;

അപ്പോ.. മേല്പറിഞവര്‍ക്കൊക്കെ നിന്റെ മറ്റവളുടെ “അടിവയറിനെ” കൂട്ടിക്കൊടുക്കുന്ന ബ്രോക്കര്‍പ്പണി എനിക്ക് അല്ലേ..?

ഭാവത്തിലുള്ള നിസംഗത മാറ്റാതെ കോരമുതലാളി ബാക്കികൂടി പൂരിപ്പിച്ചു;

എന്റെ മുന്നീന്ന് എണീറ്റ് പോടാ...

എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ ചോദ്യം ചെയ്തതിനെതിരെ കോരയെ നാലു തെറി പറഞാലോ എന്നാലോചിച്ചു ഞാന്‍... അല്ലെങ്കില്‍ വേണ്ട വായനക്കാരന്റെ അഭിപ്രായ സ്വാതന്ത്രം ഉപയോഗിച്ച അയാള്‍ അതിലും പുളിച്ചത് വല്ലതും പറഞാല്‍ കേള്‍ക്കേണ്ടിവരും.. കോര പണ്ട് മഹാ കച്ചറയായിരുന്നു.. എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മൊതലാളി പറഞപോലെ ഞാന്‍ മാന്യമായി അവിടുന്ന് എഴുന്നേറ്റ് പോന്നു....

പത്താം ക്ലാസ് പരീക്ഷ കഴിഞു വീട്ടിലേക്ക് പോകുന്ന കോണ്‍വെന്റ് കുട്ടികളെ വകഞ് ഫുട്പാത്തിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനാലോചിച്ചു.... ഇനി ഞാന്‍ അമേരിക്കയെ കുറ്റം പറഞത് കോരയ്ക്കു പിടിച്ചിട്ടുണ്ടാവില്ലേ.? സാമ്രാജ്യത്ത്വ അധിനിവേശത്തിന്റെ പിണയാളായിരിക്കുമോ കോര..? ചെച്ചെ.. എങ്കില്‍ മോശമായിപ്പോയ്.. അങനെയാണെങ്കില്‍ അത് മുന്നില്‍ കണ്ട് കവിതയുടെ നിഗൂഡാര്‍ത്തം വേറെയെന്തിങ്കിലും ആലോചിച്ചു കണ്ടുപിടിക്കാമായിരുന്നു എനിക്ക്.!

പെട്ടന്നാണ് പേറ്റു നോവ് പോലെ സര്‍ഗ്ഗ വേദന വീണ്ടും എന്നില്‍ വന്ന് മുട്ടിയത്. കൃത്യം അമ്പതാ‍മത്തെ തവണ.!

അടിപ്പാവാടയുയര്‍ന്നപ്പൊള്‍..
തുടയിലായ്ക്കണ്ട കാക്കപ്പുള്ളിയ്ക്കു..
ഗുജറാത്തിലെ തെരുവോരങളില്‍..
വേടിയുണ്ടയേറ്റ അനീതിയുടെ നിറം.!

Thursday, January 22, 2009

എന്റെ കഥ

ഹൃദ് രോഗ സബന്ധമായ അസുഖം മൂലം എന്റെ ഗുരുതുല്യനായ ശ്രീ ചക്കരോത്തു മാധവ പണിക്കര്‍ ആശുപത്രിയില്‍ കിടക്കവേ “എന്റെ കഥ“ എന്ന ഈ കഥാ സമാഹാരത്തിന്റെ കൈയ്യെഴുത്തു പ്രതി ഞാന്‍ അദ്ധേഹത്തിനു ആദ്യമായി വായിക്കാന്‍ കൊടുത്തു. കഥാതന്തു വായിച്ചു തീരും മുന്‍പെ...... സ്വര്‍ണ്ണ- ചിറകടിച്ചാവെളിച്ചം സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയി. ആ പരമപുണ്ണ്യാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടു ഞാനീ കഥ സമര്‍പ്പിക്കുന്നു...........................


തിങിനിറഞിരിക്കുന്ന ഇലകളുടെ നേരിയ സുഷിരങളിലൂടെ പ്രഭാതസൂര്യന്‍ തന്റെ വെള്ളിവെളിച്ചം കാട്ടിലേക്കു കുഴലിലെന്നപോലെ കുത്തിയിറക്കവെ നീലി ഉറക്കച്ചടവുമാറ്റി പ്രഭാത സവാരിക്കൊരുങിയിരുന്നു....! പുല്‍നാമ്പുകളില്‍ വീണുറങുന്ന മഞുകണങളുടെ മൃതുചുമ്പനമേറ്റു അവള്‍ നടന്നുനീങവെ.. പച്ചിലകളിളകുന്ന ശംബ്ദം കാതുകളെ തഴുകിയെത്തി.... ആകസ്മികമായ ഒരു ഭയം അവളിലരിച്ചിറങി.. ശബ്ദവ്യതിയാനം വന്ന ദിക്കുനോക്കി അവളുടെ കണ്ണുകള്‍ പരതി.... വനാന്തരത്തിന്റെ ഉള്‍ക്കാഴ്ചയെ ഞെട്ടിപ്പിച്ചുകൊണ്ടു അവളാ കാഴ്ച കണ്ടു......


കിര്‍ കിര്‍ കിര്‍... അതാ ഷേരു കുറുക്കന്‍ തന്റെ പ്രിയപ്പെട്ട ഗോപി മുയലിനെ കടിച്ചു കീറുന്നു. ങീ..ങീ ങീ പൊട്ടി കരയാന്‍ തോന്നി നീലിമുയലിനു. ഇന്നലെ വരെ തന്നോടോപ്പം കളിച്ചു നടന്നിരുന്ന ഗോപി ചേട്ടനിതാ ഇന്നു ഷേരുവിന്റെ വയറ്റില്‍ കിടക്കുന്നു.! ങും ങും ങും.. അവള്‍ക്കു കരച്ചില്‍ വന്നു. നീലിമുയല്‍ വേഗം അവിടെ നിന്നു രക്ഷപട്ടു.

അടുത്തദിവസം രാവിലെ നീലിമുയല്‍ കാട്ടിലെ നേതാവായ ശശിമോന്‍ കുരങന്‍ താമസികുന്ന മരത്തിന്റെ താഴെയെത്തി ഉറക്കെ വിളിച്ചു പറഞു. “ശശിമോന്‍ ചേട്ടാ... ശശിമോന്‍ ചേട്ടാ... എന്നെ രക്ഷിക്കണം.. രക്ഷിക്കണം. ഫിര്‍.ര്‍...ര്‍..ര്‍...... ഇതു കേട്ട ശശിമോന്‍ താഴെ ഇറങിവന്നു നിലിമുയലിനോടു കാര്യം തിരക്കി. നീലിമുയല്‍ ഒന്നും മറച്ചുവെക്കാതെ നടന്ന സംഭവം എല്ലാം വെട്ടി തുറന്നു പറഞു. ക്ലിക്ക് ക്ലിക്ക് ക്ലിക്ക്... ശശിമോന്‍ ഒരു ഉപായം നീലിയുടെ ചെവിട്ടില്‍ പറഞു. അതു കേട്ടു നീലി സന്തോഷത്തോടെ വീട്ടിലേക്കു പോയി....

പിറ്റേന്നു കാലത്തു നീലിമുയലും ശശികുരങനും കൂടി കാടിന്റെ പാതയില്‍ ഒരു വലിയ കുഴി ഉണ്ടാക്കി. എന്നിട്ടു അതു പച്ചിലകൊണ്ടു മൂടി വെച്ചു അതിന്റെ മുകളില്‍ കുറച്ചു മണല്‍ ഇട്ടു ആര്‍ക്കും മനസിലാവാ‍ത്ത പോലെ വെച്ചു. എന്നിട്ടു ആ കുഴിക്കു പിന്നില്‍ നീലിമുയലുനെ കെട്ടിയിട്ടു. ടപ്... ടപ്.. ടപ്.... പേടിച്ചു വിറച്ച നീലിമുയല്‍ ശശിക്കുരങനോടു ചോദിച്ചു- ശശിമോന്‍ ചേട്ടാ.. ശശിമോന്‍ ചേട്ടാ.... എന്തിനാ എന്നെ ഇവിടെ കെട്ടിയിടുന്നതു?. ഇതു കേട്ട ശശിമോന്‍ പറഞു; “ശ്..ശ്..ശ്..ശ്... ആരോടും പറയരുതു നിന്നെ പിടിക്കാന്‍ ആ ദുഷ്ടന്‍ ഷേരു കുറുക്കന്‍ ചേട്ടന്‍ ഈ വഴി വരും അപ്പോള്‍ ഈ കുഴിയില്‍ വീഴും... എങനെയുണ്ടു“ ?? ഇതു കേട്ടു സന്തോഷമായ നീലിമുയല്‍ പറഞു.. വാട്ട് ഏന്‍ ഐഡിയ സാബ് ജീ. അങനെ മെല്ലെ പമ്മി പമ്മി ശശിമോന്‍ കുരങന്‍ ഷേരു കുറുക്കന്റെ വീട്ടിലെത്തി പരഞു: ഷേരു ചേട്ടാ ഷേരു ചേട്ടാ... ചേട്ടനു വിശക്കുന്നുണ്ടെങ്കില്‍ എന്റെ കൂടെ വന്നാല്‍ ഞാന്‍ കുറെ നല്ല മുയല്‍ കുഞുങളെ കാണിച്ചു തരാം. ഗ്ലും ഗ്ലും ഗ്ലും.... ഷേരു കുറുക്കന്റെ വായില്‍ വള്ളമൂറി....

(തുടരും)

‌‌‌‌‌‌----------------------------------------------------------------------------------

NB: ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയിട്ടുള്ള ആരുമായിട്ടും കഥയ്കൊരു ബന്ധവുമില്ല. അഥവാ ബന്ധം തോനുകയാണെങ്കില്‍ അതു അസംബന്ധം മാത്രമായിരിക്കും.

രണ്ടും മൂന്നും തവണ വായിച്ചിട്ടും ഈ കഥയ്കു ആരുമായിട്ടും ബന്ധം തോന്നുന്നില്ലെങ്കില്‍ വിഷമിക്കരുതു.. എഴുതിയ എനിക്കില്ലാത്ത ബന്ധപെടുത്തല്‍ വായിച്ച നിങള്‍ക്കെന്തിനാ??