Friday, September 10, 2010

ശിക്കാര്‍- റിവ്യൂ

ഒരു തല്ലിപ്പൊളി സിനിമ- ഓടിത്തേഞ്ഞ ഒട്ടുമിക്ക സിനിമയിലും എന്ന പോലെ ആദ്യം തന്നെ പേരും ബാനറും കാണിക്കുന്നു. ഇടയ്ക്കൊരു ഇന്റെര്‍വെല്ലും അവസാനം ക്ലൈമാക്സും- വെറും ക്ലീഷെ. ഒരു നയകന്‍ അത്രയ്ക്കത്ര നായിക.. അതിനെ ചുറ്റിപറ്റി ആവശ്യത്തിനും അനാവശ്യത്തിനും കുറെ കഥാപാത്രങ്ങള്‍, ഒട്ടും പുതുമയില്ല. വകയ്ക്കു കൊള്ളാത്ത ഗാനരചനകള്‍‍, സംഗീത മാധുര്യമുണര്‍ത്താത്ത പശ്ചാത്തല സംഗീതം. ലതിലെ നായകനടനായ മോഹന്‍ ലാലിന്റെ  അഭിനയം കണ്ടാല്‍ കൊടുത്തുപോയ ഭരതവാര്‍ഡ്  തിരിച്ചു വാങ്ങാന്‍ തോന്നും. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും കുറെ നന്നാക്കാമായിരുന്നു അദ്ധേഹത്തിനു. ദൃശ്യഭംഗി ഞാന്‍ വിചാരിച്ചത്ര പോര. ആകെ എടുത്തു പറയാന്‍ തക്ക വിധമുള്ളത് എഡിറ്റിങ്ങാണ്. കാരണം.. ഷൂട്ട് ചെയ്ത കൊറെ ഭാഗങ്ങള്‍ എഡിറ്റിങ്ങ് ചെയ്യുന്നയാള്‍ വെട്ടി കളഞ്ഞതിനാല്‍ ആ ഭാഗംകൂടി കണ്ടിരിക്കേണ്ട ഗതികേടു പ്രേക്ഷകര്‍ക്കുണ്ടായില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ തിയേറ്ററി കയ്യറി ഒന്നു മയങ്ങാന്‍ മുതിരുമ്പോള്‍ പശ്ചാത്തലത്തില്‍ ചുമ്മാ ഓടികൊണ്ടിരിക്കാന്‍ പോലും കൊള്ളാത്ത സിനിമ.



അപേക്ഷ: എന്റെ കന്നി സില്‍മാ നിരൂപണം ആണിത്. വായനക്കാരെല്ലാം മേല്‍പ്പറഞ്ഞ സിനിമ കണ്ടുവന്നു എന്റെ അവലോകനം ശരിയാണോ എന്നറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എന്നിട്ടു വേണം എനിക്കാ സിനിമ കാണാന്‍.


.

Thursday, April 29, 2010

കനകന്‍.

അപ്രത്തെ വീട്ടിലെ മീനാക്ഷിയമ്മേടെ രണ്ടാമത്തെ മോള്‍ അനുരാധയുടെ കെട്ട്യോന്‍ കനകനെ അറിയുമൊ നിങ്ങള്‍? ഇല്ലെങ്കില്‍.. എനിക്കുമറിയില്ലായിരുന്നു കനകനെ.!

പ്രദേശവാസികളുടെയൊക്കെ.. ബന്ധുക്കളെയും അവരുടെ സംബന്ധക്കാരെയുമൊക്കെ നാട്ടുകാര്‍ക്ക് അന്യോന്യം തിരിച്ചറിയാന്‍ കഴിയും എന്ന ഗുണഗണങ്ങളൊക്കെയുള്ള ഗ്രാമജീവിതത്തിന്റെ അന്തസത്ത.. നഗരങ്ങളില്‍ ചെന്ന് രാപാര്‍ത്ത ശേഷം എനിക്കും നഷ്ടപെട്ടിരിക്കുന്നു. അതാണ് പ്രശ്നവും.

മീനാക്ഷിയമ്മേടെ മൂത്ത മോള്‍ അനുരൂപ അവളുടെ ഭര്‍ത്താവിന്റെ വീട്ടിന്റെ പരിസരത്തെവിടെയോ വെച്ച് ബൈക്കില്‍നിന്നു തെന്നിവീണു അത്യാസന നിലയിലായകാര്യം..  മീനാക്ഷിയമ്മേടെ വീട്ടിലെ ഫോണ്‍ തകരാറിലായതിനാല്‍, എന്റെ വീട്ടില്‍ വിളിച്ചു വിവരം മീനാക്ഷിയമ്മയെ അറിയിക്കാന്‍ പറഞ്ഞതിനു... അവരുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് കനകനെ ഞാന്‍ തെറിപറഞ്ഞുവത്രെ.!

നോക്കണെ കാര്യങ്ങളുടെ കിടപ്പ്.! അതിന്റെ പേരില്‍ ഇടവലക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോ ഞാനും എന്റെ വീട്ടുകാരും വിരോധികളാ. ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതാണുപോലും.! എന്റെ ഭാഗ്യത്തിനു അനുരൂപയ്ക്കു അത്യാഹിതമൊന്നും സംഭവിച്ചില്ല. അല്ലാ.. വിവരം കൃത്യസമയത്തിനറിഞ്ഞു മീനാക്ഷിയമ്മയമ്മ ആശുപത്രിയിലെത്തിയിരുന്നുവെങ്കില്‍ നടക്കേണ്ടത് നടക്കില്ലായിരുന്നോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതല്ല... മറിച്ചെങ്ങാനും സംഭവിച്ചാല്‍ അതായത് ലവളെങ്ങാനും കാഞ്ഞു പോയിരുന്നെങ്കില്‍ മനസാ വാചാ കര്‍ണ്ണാടകാ ഞാനറിയാത്ത ഒരു കാര്യത്തിനുമേല്‍ എന്നില്‍ ആരോപിക്കപെടുന്ന കുറ്റം എത്ര വലുതാകുമായിരുന്നു.! ഇപ്പോ ചെറുതാണ് എന്നല്ല...

സത്യത്തിലെന്തായിരുന്നു അന്നു സംഭവിച്ചത്..

ജോലിത്തിരക്കു കാരണം നാട്ടില്‍ പതിവായി ഞാന്‍ പോകാറില്ല. ഇത്തവണ മാസാവസാനത്തെ വീകെന്റില്‍ കിട്ടിയ രണ്ട് ദിവസത്തെ ലീവിനു  ഇന്റെര്‍സിറ്റിയുടെ തിക്കിലും തിരക്കിലും പെട്ട് രാത്രി ഒമ്പത് ഒമ്പതരയോടെ സ്വദേശത്തെ സ്വന്തം വീട്ടിലെത്തുമ്പോള്‍ ഞാന്‍ ക്ഷീണിച്ചു കോഞ്ഞാട്ടയായിരുന്നു. കുളിയും തേവാരവുമൊക്കെ കഴിഞ്ഞു ഉണ്ടു നിറഞ്ഞു ഒന്നു കിടന്നപ്പോള്‍ പറഞ്ഞു വെച്ചപോലെ അതും വന്നു-ഉറക്കം. സുഖസുഷുപ്തിയിലൂളിയിട്ട് ഗാഡനിദ്രയിലേക്കു പതിക്കും മുന്നേ.. തലക്കൂത്തലുള്ള ഫോണ്‍  ബഹളം വെച്ചു. യാതൊരു പ്രകോപനവുമില്ലതെ..

ഉറക്കച്ചടവോടെ ഞാന്‍ റസീവറെടുത്തു ചോദിച്ചു : ഹലൊ...
:--------- അങേത്തുമ്പത്തുനിന്നു മറുപടിയില്ല.
ഞാന്‍ വീണ്ടും ചോദിച്ചു: ഹലോ......
കനകനാകനകനാ...
:ഹല്ലോ..
കനകനാകനകനാ
ഓരോരോ മാരണങ്ങള്‍.! ഞാന്‍ ഫോണ്‍ കട്ട് ചെയ്തു... വീണ്ടും ഉറങ്ങാന്‍ പ്ലാനിട്ടു. കണ്ണ് മുഴുവനായടഞ്ഞില്ല.. അപ്പോ ദാ വീണ്ടും മണിമുഴക്കം...
റസീവറെടുത്തു ഞാന്‍  ചോദിച്ചു: ഹലോ ആരാ..
മറുപടി വീണ്ടും പഴയത് തന്നെ: ഞാനാകനകനാകനകനാ...കനകനാ....
:ഹലോ... എന്താ വേണ്ടന്ത്? ആരാ?
ഒരു വിവരമ്പറയാനാ... കനകനാ...കനകനാന്ന്..


കണകണാകൊണകൊണാ.. അവന്റെമ്മേടെ... കണകണ.. നട്ടപാതിരായ്ക്കു മനുഷ്യനെ ശല്യപെടുത്താനായ് ഒരോരൊ ശവങ്ങളിറങ്ങിക്കോളും.. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബാക്കി ഉറങ്ങാന്‍ നോക്കി.


 ദാ വീണ്ടും ബെല്‍.! ഇതിങ്ങിനെ വിട്ടാല്‍ ശരിയാവില്ല.. ഇത്തവണ കണകണ കൊണകൊണ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. റസീവറെടുത്തു  അവന്റെ ആരെയൊക്കെയോ അന്നേരം നാവിന്‍ തുമ്പത്തു വന്ന കുറച്ചു തെറിപറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു... റസീവറെടുത്തു നിലത്തിട്ടു.

ഉറക്കപ്പിച്ചില്‍ എന്തൊക്കെ തെറിയാ പറഞ്ഞിരുന്നത് എന്നൊന്നും എനിക്കോര്‍മ്മയില്ല. അല്ല.. അതിപ്പോ ഓര്‍മ്മയുണ്ടായിട്ടും വല്ല്യ കാര്യമൊന്നുമില്ല. ഞാന്‍ ഓള്‍റെഡി കുറ്റവാളിയായിക്കഴിഞ്ഞല്ലോ.! വിധി.!


എന്നാല്‍.......... അന്നാ ഹമ്ക്കിനു മര്യാദ പറയാമായിരുന്നു-


“ഹലോ.. ഞാനാണ് കനകന്‍, അപ്രത്തെ കനകനാണെന്ന്-“